വന്യമൃഗ ശല്യത്താൽ വലഞ്ഞ് ഇടുക്കി മൂന്നാറിലെ തോട്ടം മേഖല. കാട്ടാനയും പുലിയുമൊക്കെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന സ്ഥിതി തുടരുന്നു. അന്തർ സംസ്ഥാന പാതയിൽ കഴിഞ്ഞ രാത്രിയിലും കാട്ടുകൊമ്പൻ ഗതാഗത തടസ്സം തീർത്തു. കുണ്ടള സാൻഡോസ് എസ് റ്റി കോളനിയിൽ വന്യജീവിയാക്രമണത്തിൽ പശുക്കൾ ചത്തു.
മൂന്നാറിലെ തോട്ടം മേഖലയിൽ വന്യജീവി ശല്യത്താൽ ജന ജീവിതം ദുസഹമാകുകയാണ്.കാടിറങ്ങുന്ന കാട്ടാനയുടെയും കടുവയുടെയും പുലിയുടെയുമൊക്കെ സാന്നിധ്യം കുടുംബങ്ങളുടെ സ്വര്യൈ ജീവിതം തകർക്കുന്നു. അന്തർസംസ്ഥാന പാതയിൽ കന്നിമല എസ്റ്റേറ്റിന് സമീപം കഴിഞ്ഞ രാത്രിയിൽ കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി.രാത്രി പത്തോടെ എത്തിയ കാട്ടാന ഒരു മണിക്കൂറോളം ഗതാഗത തടസ്സം സൃഷ്ടിച്ചു.
ഇരു ദിശകളിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹങ്ങളടക്കം റോഡിൽ കുടുങ്ങി. പിന്നീട് വനപാലകരെത്തി കാട്ടാനയെ തുരത്തി.കുണ്ടള സാൻഡോസ് എസ് റ്റി കോളനിയിൽ വന്യജീവിയാക്രമണത്തിൽ പശുക്കൾ ചത്തു.പി ഷൺമുഖൻ്റെ 4 പശുക്കളാണ് ചത്തത്.ഒരു പശു ആക്രമണത്തിൽ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ടു.ഉപജിവനമാർഗ്ഗമായ കന്നുകാലികൾ നഷ്ടമായതോടെ എന്ത് ചെയ്യണമെന്നറിയാതെ കണ്ണിരിലാണ് ഈ തൊഴിലാളി.
മേയാൻ വിട്ടിരുന്ന പശുക്കൾ തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുതുക്കടി കുണ്ടള റോഡിൻ്റെ സമീപത്തുള്ള ചതുപ്പിൽ പശുക്കളുടെ ജഡം കണ്ടെത്തിയത്.ഈ മേഖലയിൽ കഴിഞ്ഞ ഒരു മാസമായി കടുവയുടെ ശല്യം വർധിച്ചതായി പ്രദേശവാസികൾ പറയുന്നു.