വൈദ്യുതി ഇല്ലാതെ മെഴുകുതിരി വെട്ടത്തില്‍ പഠിച്ചിരുന്ന ആലപ്പുഴ ഇരമത്തൂരിലെ അല്ലുവിനും അനന്തുവിനും നവകേരളസദസ് വെളിച്ചമെത്തിച്ചിരിക്കുകയാണ്. വൈദ്യുതി എത്താത്ത വീട്ടിലേക്ക് വെളിച്ചമെത്തിയതോടെ ഏറെക്കാലമായുള്ള ഒരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് കുടുംബം.
നവകേരള സദസ്സിലെ പരാതിപ്രവാഹത്തിനിടയിലും ഇരുട്ടിലാവാതെ ഒരു പരാതി വെളിച്ചമെത്തിച്ച കഥയാണ് ചെന്നിത്തല പഞ്ചായത്തിലെ ഇരമത്തൂര്‍ മുക്കത്ത് കോളനിയിലെ അജയകുമാറിന് പറയാനുള്ളത്. വൈദ്യുതി ഇല്ലാതെ മെഴുകുതിരി വെട്ടത്തില്‍ പഠിക്കുന്ന പ്ലസ്ടു വിദ്യാര്‍ഥികളായ അനന്തുവിനും അല്ലുവിനും ഇനി വൈദ്യുത വെളിച്ചത്തിലിരുന്ന് പഠിക്കാം. നിര്‍ധന കുടുംബാംഗങ്ങളായ ഇവര്‍ക്ക് വൈദ്യതിക്കായി നവകേരള സദസ്സില്‍ കൊടുത്ത അപേക്ഷ ഫലം കണ്ടിരിക്കുകയാണ്.
ഹൃദ്രോഗിയായ ജയകുമാറിന് ജോലിക്ക് പോകാന്‍ കഴിയില്ല.അംഗനവാടിയില്‍ ഹെല്‍പ്പര്‍ ആണ് ഭാര്യ ബിന്‍സി, ബിന്‍സിക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ഭര്‍ത്താവിന്റെ മരുന്നുകള്‍ക്കും, മക്കളുടെ പഠന ചെലവുകളും, വീട്ടു ചെലവുകളും ബിന്‍സിയുടെ തുച്ഛമായ വരുമാനം തികയുന്നില്ല. അതിനാല്‍ വൈദ്യുതി എന്നത് ഇവര്‍ക്ക് ഒരു സ്വപ്നമായി നിലനില്‍ക്കുകയായിരുന്നു.