കര്‍ഷക സൗഹൃദമായ കണ്ടെത്തലുകളിലൂടെ കാര്‍ഷിക മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് പാലക്കാട് ഐഐടി. ചെലവ് കുറഞ്ഞതും നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ളതുമായ കാര്‍ഷിക സാങ്കേതിക വിദ്യ വികസിപ്പിച്ച് കാര്‍ഷികവൃത്തിയെ സാങ്കേതിക സൗഹൃദമാക്കുകയാണ് പാലക്കാട് ഐഐടി.
കേരളത്തിന്റെ ധാന്യപ്പുരയാണ് പാലക്കാട്. പാലക്കാടന്‍ പച്ചപ്പിനൊപ്പം പച്ചതൊട്ട് നില്‍ക്കുന്നുണ്ട് കാര്‍ഷിക രംഗവും. കാര്‍ഷിക മേഖലയെ കൂടുതല്‍ സാങ്കേതിക സൗഹൃദമാക്കുകയാണ് ഐഐടിയുടെ സ്മാര്‍ട്ട് അഗ്രിടെക് സെന്റര്‍. ചെലവ് കുറഞ്ഞതും നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ളതുമായ കാര്‍ഷിക സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്ത് കാര്‍ഷിക മേഖലയ്ക്ക് വേണ്ടി പ്രത്യേകം ഗവേഷണങ്ങള്‍ നടത്തുക വഴി വലിയ മാറ്റമുണ്ടാക്കാനുള്ള ശ്രമത്തിലാണ് പാലക്കാട് ഐഐടി. കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി നിര്‍മിതബുദ്ധി നിയന്ത്രിക്കുന്ന, സെന്‍സറുകള്‍, ഡ്രോണുകള്‍ തുടങ്ങിയ ഡാറ്റാധിഷ്ഠിത സാങ്കേതിക വിദ്യകളെയാണ് ഗവേഷണ കേന്ദ്രമായ സാറ്റ്കാര്‍ഡ് സമന്വയിപ്പിക്കുന്നത്.
സസ്യരോഗങ്ങളും കാലാവസ്ഥാ വ്യതിയാനവും ഉള്‍പ്പടെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് നേരത്തേ കണ്ടെത്തുന്നതിന് നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ് ഗവേഷണത്തിലൂടെ സജ്ജീകരിക്കുന്നതെന്ന് പാലക്കാട് ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസറും സാറ്റ്കാര്‍ഡിന്റെ തലവനുമായ ഡോ.ശ്രീനാഥ് പറയുന്നു.
വിളകളില്‍ ഉപയോഗിക്കേണ്ട കീടനാശിനികളെക്കുറിച്ചും, നല്‍കേണ്ട വെള്ളത്തിന്റെ അളവിനെ കുറിച്ചും കൃത്യമായ വിവരം ഈ സംവിധാനം കര്‍ഷകര്‍ക്ക് നല്‍കും. ഇത് പരീക്ഷിച്ച ശേഷം കൃഷിയിടങ്ങളിലെ ഉല്‍പാദനക്ഷമതയും വിളവും വര്‍ദ്ധിച്ചതായി കര്‍ഷകരും സാക്ഷ്യപ്പെടുത്തുന്നു.
സാങ്കേതിക വിദ്യയും നിര്‍മ്മിത ബുദ്ധിയും ഉപയോഗിച്ച് കര്‍ഷകരുടെ അദ്ധ്വാനം കുറച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് പാലക്കാട് ഐഐടി. യുവത്വത്തെ കൃഷിയിലേക്ക് തിരിച്ച് വിളിക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായം കൂടി തേടേണ്ടതുണ്ടെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.