ദീപപ്രഭയിൽ കുളിച്ച് ഫറോക്ക് പഴയപാലം. കേരളത്തിലെ പ്രധാന പാലങ്ങൾ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫറോക്ക് പഴയ പാലത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. കേരളത്തിലെ എല്ലാ ജനങ്ങളും ഉറ്റുനോക്കുന്ന പദ്ധതിയാണ് ദീപാലംകൃത പാലമെന്ന് മന്ത്രി പറഞ്ഞു.
വ്യത്യസ്ത വർണ്ണങ്ങളിലുള്ള വെളിച്ചത്താൽ സുന്ദരിയായിരിക്കുകയാണ് ഫറോക്ക് പഴയപാലം. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗമാണ് പാലത്തിൽ വൈദ്യുത ദീപാലങ്കാരം ഒരുക്കിയത്. പദ്ധതി നിർവഹണത്തിനുള്ള 1.65 കോടി രൂപ ആർ.ബി.ഡി.സി.കെയാണ്
ചെലവഴിച്ചത്. പാലത്തിൽ സെൽഫി പോയിന്റും വീഡിയോ വാൾ, കഫെറ്റീരിയ, സ്ട്രീറ്റ് ലൈബ്രറി, ഗാർഡൻ മ്യൂസിക്, കുട്ടികളുടെ പാർക്ക്, സൗജന്യ വൈഫൈ, വി ആർ ഹെഡ്സെറ്റ് മൊഡ്യൂൾ, ടോയ് ലെറ്റ് ബ്ലോക്ക് , നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് ട്രാഫിക് സിഗ്നൽ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.
ജനങ്ങൾക്ക് ആഹ്ലാദിക്കാനും സന്തോഷിക്കാനുമുള്ള ഒന്നാണ് ദീപാലംകൃത പാലമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഇത് എല്ലാ ജനങ്ങൾക്കുമുള്ള പദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലത്തിനോട് ചേർന്നുള്ള പാർക്കിന് നമ്മൾ എന്നർത്ഥം വരുന്ന വി- പാർക്ക് എന്നാണ് നാമകരണം ചെയ്തത്. കോഴിക്കോട് മേയർ ഡോ.എം.ബീന ഫിലിപ്പ്, ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി.അബ്ദുൽ റസാഖ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.