കാസര്‍ഗോഡ് നമ്പ്യാര്‍കാല്‍ പ്രദേശവാസികളുടെ വഴിമുടക്കി ദേശീയപാത നിര്‍മാണം. നാട്ടുകാര്‍ക്ക് സര്‍വീസ് റോഡും, അടിപ്പാതയും ഒരുക്കാതെയാണ് നിര്‍മാണം നടക്കുന്നത്. അടിപ്പാത നിര്‍മിച്ചു നല്‍കിയില്ലെങ്കില്‍ 100-ഓളം കുടുംബങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെടും.
കാസര്‍ഗോഡ് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നാണ് ദേശീയപാത നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇല്ലാതാകുന്നത്. വാഴുന്നോറൊടി, പുതുകൈ, മൂലപ്പള്ളി, ചിറപ്പുറം എന്നീ പ്രദേശങ്ങളിലെ ആളുകള്‍ ഉപയോഗിക്കുന്ന റോഡ് സംരക്ഷിക്കണമെന്നാണ് ഉയരുന്ന ആവശ്യം. മലയോര പതയ്ക്കായി പരിഗണിച്ചിരുന്ന റോഡാണ് വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെ അടക്കുന്നത്. ദേശീയപാതയുടെ ഡീറ്റെയില്‍സ് പ്രോജക്ട് റിപ്പോര്‍ട്ട് നാട്ടുകാര്‍ക്ക് ഇതുവരെ ലഭ്യമായില്ലെന്ന ആരോപണവുമുണ്ട്.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പാത അടച്ചു കഴിഞ്ഞാല്‍ 100 ഓളം കുടുംബങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെടും. നമ്പ്യാര്‍ക്കല്‍ അണക്കെട്ടിലേക്ക് ആബുലന്‍സിനോ ഫയര്‍ എന്‍ജിനോ 500 മീറ്റര്‍ ദൂരത്തില്‍ എത്തുന്നതിന് പകരം 15-ഓളം കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ടി വരും.
പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളുകള്‍ക്കള്‍ക്കും നിലവിലെ പദ്ധതി തിരിച്ചടിയാണ്.ദേശീയപാതയില്‍ വാഹന ഗതാഗതം തടസ്സപ്പെടുമ്പോള്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട റോഡാണ് അടയ്ക്കുന്നത്. അടിപ്പാത ഒരുക്കിയില്ലെങ്കില്‍ ശക്തമായ സമരം പരിപാടികള്‍ ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.