കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവു ചാടിയ മയക്കുമരുന്ന് കേസിലെ പ്രതി ടി.സി ഹര്‍ഷാദിനായി തെരച്ചില്‍ തുടരുന്നു.ഹര്‍ഷാദ് ബെംഗ്ലൂരുവിലേക്ക് കടന്നുവെന്നാണ് സൂചന. കണ്ണൂര്‍ എസിപിയുടെ പ്രത്യേക അന്വേഷണ സംഘം ബെംഗ്ലൂരുവില്‍ എത്തി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ ടി.സി ഹര്‍ഷാദ് ജയില്‍ചാടിയത്. മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട ഹര്‍ഷാദ് ജയിലിന് പത്രക്കെട്ട് ഇറങ്ങാന്‍ പുറത്തിറങ്ങിയപ്പോള്‍ രക്ഷപ്പെടുകായിരുന്നു. ബൈക്കില്‍ രക്ഷപ്പെട്ട ഹര്‍ഷാദ് ബെംഗ്ലൂരുവിലേക്ക് കടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ എസി.പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ബെംഗ്ലൂരുവിലെത്തിയത്. ബെംഗ്ലൂരുവിലുള്ള ലഹരി സംഘമാണ് ജയില്‍ ചാട്ടം ആസൂത്രണം ചെയ്തതെന്നാണ് സൂചന.
മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. ഹര്‍ഷാദിന്റെ സംഘത്തിന്റെ താവളങ്ങള്‍ പോലീസ് നിരീക്ഷിച്ച് വരികയാണ്. നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുകളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍ സെന്റര്‍ ജയിലില്‍ തടവുകാര്‍ക്ക് ഡ്യൂട്ടി നിശ്ചയിച്ചു നല്‍കിയതില്‍ ഗുരുതര വീഴ്ച.തടവ് ചാടിയ ഹര്‍ഷാദിന് വെല്‍ഫെയര്‍ ഡ്യൂട്ടി നല്‍കിയത് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ജയില്‍ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.