വിഴിഞ്ഞം അദാനി തുറമുഖത്തെ പദ്ധതി പ്രദേശത്ത് ഡീസൽ മോഷണ സംഘം പിടിയിൽ. നാലുപേരെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിൽ എടുത്തു.പദ്ധതി പ്രദേശത്ത് നിന്ന് ബാർജ്, ടഗ്ഗ് എന്നിവയിൽ നിന്ന് ഡീസർ ചോർത്തി വിൽപ്പന നടത്തുന്ന സംഘത്തിലെ നാലുപേരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. വിഴിഞ്ഞം കോട്ടപ്പുറം കരടിവിള വീട്ടിൽ ദിലീപ്(32), കോട്ടപ്പുറം ഇലവിള കോളനിയി ജീവാഭവനിൽ ശ്യാം(24), കോട്ടപ്പുറം ചരുവിള കോളനിയിൽ നിന്ന് മുല്ലൂർ കലുങ്ക് നട സുനാമി കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന റോബിൻ(37), മുക്കോല കാഞ്ഞിരവിള വീട്ടിൽ ഷിജിൻ(21) എന്നിവരയാണ് അറസ്റ്റിലായത്.
ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഇവരിൽ നിന്ന് 57 കന്നാസുകളിലായി 35 ലിറ്റർ വീതം നിറച്ച 1800 ലിറ്റർ ഡീസൽ, ഇവ കടലിൽ നിന്ന് കടത്തിക്കൊണ്ടുവരാനായി ഉപയോഗിച്ച വളളം, ടഗ്ഗുകൾ, ബാർജ് എന്നിവയിൽ നിന്ന് അതിവേഗം ഡീസൽ ഊറ്റിയെടുക്കാനുളള അനുബന്ധ ഉപകരണങ്ങൾ, ഡീഡൻ കരക്ക് എത്തിച്ച് മറ്റിടങ്ങളിൽ വിൽപ്പന നടത്താൻ ഉപോയഗിച്ച പിക്കപ് വാൻ, പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്കുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം എസ്.ഐ. ജി.വിനോദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി നടത്തി നിരീക്ഷണത്തിലാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി ടഗ്ഗ്, ബാർജ് എന്നിവയിൽ നിന്ന് മോഷ്ടിച്ച 1800 ഓളം ലിറ്റർ നിറച്ച കന്നാസുകൾ വളളത്തിലാക്കി പഴയവാർഫിൽ എത്തിച്ച് വാനിൽ കയറ്റുന്നതിനിടെയാണ് പോലീസ് സംഘത്തെ പിടികൂടിയത്.ഇതിൽ വാനിലുണ്ടായിരുന്ന ഡ്രൈവർ ഓടി രക്ഷപ്പെട്ടുവെന്ന് എസ്.എച്ച്.ഒ.പ്രജീഷ് ശശി പറഞ്ഞു. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.കഴിഞ്ഞ ഏതാനുമാസങ്ങളായി ഇവർ ഡീസൽ മോഷണം തുടരുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഓരോ ആഴ്ചയിലും മൂന്നുതവണയാണ് ഡീസൽ മോഷ്ടിക്കുക. ഇവ നിശ്ചിത സ്ഥലങ്ങളിൽ എത്തിച്ച മാർക്കറ്റിൽ ഉളളതിനെക്കാൾ കുറഞ്ഞ വിലയ്ക്കാണ് വിൽക്കുക.