ആരോപണ വിധേയനായ മഹാരാജാസ് അധ്യാപകനും കോളജ് യൂണിയൻ സ്റ്റാഫ് അഡ്വൈസറുമായ ഡോക്ടർ കെ.എം നിസാമുദ്ദീനെ സർവീസിൽ നിന്നും മാറ്റി നിർത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. അധ്യാപകനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഫ്രട്ടേണിറ്റി മൂവ്മെൻ്റ് നേതാക്കൾ വ്യക്തമാക്കി.
വിദ്യാർഥിനികളെ വിളിച്ച് ഭീഷണിപ്പെടുത്തിയതിനും പെരുമാറ്റ ദൂഷ്യങ്ങൾ കൊണ്ടും ഒട്ടേറെ പരാതികൾ നേരിട്ട ഇടതു സഹയാത്രികനും മഹാരാജാസ് കോളേജ് സ്റ്റാഫ് അഡ്വൈസറുമായ ഡോക്ടർ കെ എം നിസാമുദ്ദീൻ മരുതക്കെതിരെ നടപടി സ്വീകരിക്കണം.അധ്യാപകനെതിരെ ഡിപ്പാർട്ട്മെൻറ്ൽ നിന്നും പത്തോളം പെൺകുട്ടികൾ ഒപ്പിട്ടു നൽകിയ പരാതിയിൽ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്ത കോളേജ് അധികാരികളുടെ നിലപാട് പ്രതിഷേധാർഹമാണ്.
കഴിഞ്ഞ ദിവസം വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളും പ്രിൻസിപ്പലിന് പരാതി നൽകുകയും ഇതേ അധ്യാപകന്റെ ക്ലാസ്സിൽ കുട്ടികളെ പറഞ്ഞയക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥി രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഫ്രട്ടേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡണ്ട് കെ.എം ഷെഫ്രിൻ ആവശ്യപ്പെട്ടു. ഭിന്നശേഷി ക്വോട്ടയടക്കം അട്ടിമറിച്ചാണ് കെ.എം നിസാമുദ്ധീന് പിഎസ്‌സി വഴി മഹാരാജാസിൽ നിയമനം നൽകിയതെന്നും കെ.എം ഷെഫ്രിൻ ആരോപിച്ചു.
എഴുത്തു പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കാൻഡിഡെറ്റും തൊണ്ണൂറ്റിനാലാം റാങ്കുകാരനായ നിസാമുദ്ദീനും ആണ് നിയമനം നേടിയത്. രണ്ടുപേരും ഇന്റർവ്യൂവിൽ നേടിയത് 14 മാർക്കുമാണ്. എഴുത്തു പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ വ്യക്തിയും ഇദ്ദേഹവും തമ്മിൽ ഇത്രയധികം വ്യതിയാനമുണ്ടായിട്ടും രണ്ടു പേർക്കും ഇന്റർവ്യുവിൽ ഒരേ മാർക്ക് ലഭിച്ചത് സംശയകരമാണ്.
കേൾവി പരിമിതികളുള്ള ക്വോട്ട നേടിയെടുത്തതാണ് ഇദ്ദേഹം നിയമനം നേടിയതെന്ന് രേഖകളിൽ വ്യക്തമാണ്. എന്നാൽ കലോത്സവവേദികളിൽ അടക്കം കേൾവി പരിമിതിക്ക് ആവശ്യമായ ഒരു ഉപകരണവും ഇല്ലാതെ വിധികർത്താവായി ഇയാൾ പങ്കെടുത്തതും അന്വേഷിക്കപ്പെടണമെന്നും ഫ്രട്ടേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡണ്ട് വ്യക്തമാക്കി.