കോഴിക്കോട് ബീച്ചിന്റെ സായാഹ്നഭംഗി നുകരാൻ എത്തിയവർക്ക് കൗതുകമായി പട്ടം പറത്തൽ. ലോകത്ത് നടക്കുന്ന യുദ്ധങ്ങൾ ക്കെതിരെ സമാധാന സന്ദേശം എന്ന നിലയിലാണ് പ്രതീകാത്മക പട്ടം പറത്തൽ നടന്നത്.കോഴിക്കോട് അറബിക്കടലിന്റെ തീരത്ത് സായാഹ്ന സൂര്യനെ തഴുകിയും ചുംബിച്ചും വിവിധ രൂപങ്ങളിലും വർണ്ണങ്ങളിലും ഉള്ള പട്ടങ്ങൾ പാറി നടക്കുകയാണ്. കാഴ്ചക്കാരിൽ കൗതുകം നിറച്ച്.ദേശീയതയുടെ അടയാളമായി ത്രിവർണ പതാകയുടെ പ്രതീകമായ പട്ടങ്ങളും ബീച്ചിൽ പറത്തിയിരുന്നു. രണ്ട് മീറ്റർ വലിപ്പമുള്ള സർക്കിൾ പട്ടം മുതൽ 15 മീറ്റർ വലുപ്പമുള്ള ലേഡി പിങ്ക് ക്യാറ്റ് പട്ടം വരെ ഇതിലുണ്ട്. അതിൽ തന്നെ സായാഹ്ന സൂര്യനെ തഴുകി പറക്കുന്ന ലേഡി പിങ്ക് ക്യാറ്റ് പട്ടമാണ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്.
164 രാജ്യങ്ങളിലെ പ്രവാസി മലയാളികൾ ഉൾക്കൊള്ളുന്ന ലോക മലയാളി ഫെഡറേഷൻ ആഗോള സമ്മേളനം നാളെ തായ്‌ലാൻഡിൽ നടക്കുകയാണ്. അതിന്റെ ഭാഗമായാണ് ഗ്ലോബൽ ചെയർമാനായ വയനാട് സ്വദേശി ഡോ.പ്രിൻസ് പള്ളിക്കുന്നേലിന്റെ നിർദ്ദേശപ്രകാരം സമാധാന സന്ദേശം നൽകിക്കൊണ്ട് കോഴിക്കോട് ബീച്ചിലും പട്ടം പറത്തിയത്. ലോകരാജ്യങ്ങളിൽ സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉള്ള ഗ്ലോബൽ പീസ് 365 എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവിടെയും പട്ടം പറത്തൽ നടന്നതെന്ന് വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുല്ല മാളിയേക്കൽ പറയുന്നു.
മാനത്ത് പാറിപ്പറന്ന പട്ടങ്ങൾ കോഴിക്കോട് ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തിയവരുടെ മനം കവർന്നു. അതേക്കുറിച്ച് മലപ്പുറം ജില്ലയിലെ തിരൂർക്കാട് എ.എൽപി സ്കൂളിൽ നിന്ന് എത്തിയ വിദ്യാർത്ഥികളുടെ വാക്കുകൾ. അതിവേഗത്തിലും പതുക്കെയുമായി പാറിപ്പറന്ന പട്ടങ്ങൾ കാഴ്ചക്കാർക്ക് വലിയ ആവേശമാണ് പകർന്നത്. ബീച്ചിൽ എത്തിയ വിദ്യാർത്ഥികൾ ആ ആവേശം പ്രകടമാക്കുകയും ചെയ്തു.