ആലപ്പുഴ മാന്നാറില്‍ നെല്‍കൃഷിക്കായുള്ള ഒരുക്കം ആരംഭിച്ചതോടെ പാടശേഖരങ്ങളിലെ ജോലിക്കായി അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്കാണ്. നാട്ടിലെ തൊഴിലാളികളെ കിട്ടാതായതും പുതുതലമുറയ്ക്ക് കൃഷിജോലി ചെയ്യാനുള്ള താല്പര്യക്കുറവുമാണ് കൃഷിയിടങ്ങളിലും മറുനാടന്‍ തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തിയത്.
പുലര്‍ച്ചെ ടൗണില്‍ ബസുകളില്‍ വന്നിറങ്ങി ആലപ്പുഴ മാന്നാറിന്റെ പടിഞ്ഞാറന്‍ പ്രദേശത്തെ കുരട്ടിശേരി പുഞ്ചയിലേക്കാണ് ഇവര്‍ പോകുന്നത്. ഏകദേശം അറുന്നൂറോളം അന്യസംസ്ഥാന തൊഴിലാളികളാണ് പാടശേഖരത്തെ പണിക്കായി ഇവിടേക്ക് എത്തുന്നത്. കൃഷിപ്പണിക്ക് ആളെ കിട്ടാത്തതും പുതുതലമുറയ്ക്ക് കൃഷിജോലി ചെയ്യാനുള്ള താല്പര്യക്കുറവുമാണ് കൃഷിയിടങ്ങളിലും മറുനാടന്‍ തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചത്. കേരളത്തിലെ കൃഷി രീതികള്‍ ഇവര്‍ക്ക് തികച്ചും അന്യമാണെങ്കിലും കര്‍ഷകര്‍ക്ക് ഇവരാണിപ്പോള്‍ ആശ്രയം.
നിലം ഉഴലും ഞാറ് നടലും വിളവെടുപ്പും കൊയ്ത്തും കറ്റ മെതിക്കലുമെല്ലാം ഇതര സംസ്ഥാനക്കാരനും ഭക്ഷണം കഴിക്കാന്‍ മാത്രം മലയാളിയും എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അതേസമയം തൊഴിലാളി ക്ഷാമം മുതലെടുത്തും പാടശേഖരങ്ങളില്‍ തൊഴില്‍ വര്‍ദ്ധിച്ചതും മുതലെടുത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ കൂലി കൂടുതല്‍ ആവശ്യപ്പെടുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 750-800 രൂപയായിരുന്നു കൂലി. എന്നാല്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് 900 മുതല്‍ ആയിരം രൂപവരെയാണ്.
അന്യസംസ്ഥാന തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ഏജന്റ്മാരാണ് കൂലി കൂടുതല്‍ ആവശ്യപ്പെടുന്നത്. ഒരേക്കര്‍ പാടത്ത് ഞാറുനടുന്നതിനു 7000 ആയിരുന്നിടത്ത് 8000 രൂപയാണ് ഇപ്പോള്‍ ഏജന്റുമാര്‍ കൈപ്പറ്റുന്നത്. അന്യ സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാതെ കൃഷി നടത്താന്‍ കഴിയില്ല എന്ന അവസ്ഥയായാതോടെ പണം നല്‍കാന്‍ കര്‍ഷകരും നിര്‍ബന്ധിതരാകുകയാണ്.