കൊല്ലത്ത് അമിത പലിശയ്ക്ക് പണം കൊടുക്കുകയും പലിശ മുടങ്ങുന്നവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ പോലീസിന്റെ പിടിയിലായി. പോരുവഴി സ്വദേശി ഉണ്ണികൃഷ്ണന്‍ ഇടവ സ്വദേശി മോഹനന്‍ പിള്ള എന്നിവരാണ് ശൂരനാട് പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും നിരവധി മുദ്രപത്രങ്ങളും ബ്ലാങ്ക് ചെക്കുകളും പോലീസ് കണ്ടെടുത്തു.
ഇടയ്ക്കാട് സ്വദേശിനിയായ അഭിരാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അമിത പലിശയ്ക്ക് പണം കടം കൊടുക്കുകയും പലിശ അടക്കാത്ത വരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടുപേരെ പോലീസ് പിടികൂടിയത്. പോരുവഴി സ്വദേശി ഉണ്ണികൃഷ്ണന്‍ ഇയാളുടെ സഹോദരനായ തിരുവനന്തപുരം ഇടവ സ്വദേശി മോഹന്‍ പിള്ള എന്നിവരാണ് അറസ്റ്റില്‍ ആയത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇടവയിലെ മോഹനന്‍ പിള്ളയുടെ വീട്ടില്‍ നിന്നുമാണ് നിരവധി പേരുടെ ബ്ലാങ്ക് ചെക്കുകളും എഴുതിയതും എഴുതാത്തതുമായ മുദ്രപത്രങ്ങളും, റവന്യൂ സ്റ്റാമ്പില്‍ ഒപ്പിടിച്ചു വാങ്ങിയ വെള്ള പേപ്പറുകളും, ആര്‍സി ബുക്കുകളും പോലീസ് കണ്ടെടുത്തത്. ഉണ്ണികൃഷ്ണന്‍ പണം കടം കൊടുത്തതിനു ശേഷം വാങ്ങുന്ന ഇത്തരം രേഖകള്‍ സൂക്ഷിക്കുന്നത് സഹോദരനായ മോഹനന്‍ പിള്ളയുടെ വീട്ടിലായിരുന്നു.
കൃത്യമായി പലിശ നല്‍കാത്തവരെ വീട്ടില്‍ കയറി കത്തി കാട്ടി ഉണ്ണികൃഷ്ണന്‍ ഭീഷണിപ്പെടുതുന്നതായും അന്വേഷണത്തില്‍ പോലീസിന് വ്യക്തമായി. പ്രതികളെ അറസ്റ്റ് ചെയ്തതറിഞ്ഞ് ഇയാളില്‍ നിന്നും പണം വാങ്ങിയ നിരവധിപേര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ നേരത്തെ പോക്‌സോ കേസിലടക്കം പ്രതിയാണ്. ശാസ്താംകോട്ട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.