തീറ്റപ്പുല്‍ കൃഷി, കാലിത്തീറ്റ, പശുവളര്‍ത്തല്‍ എന്നിവയ്ക്ക് സബ്‌സിഡി നല്‍കി പാല്‍ ഉത്പ്പാദനത്തില്‍ കേരളത്തെ സ്വയം പര്യാപ്തമാക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. തൃശ്ശൂര്‍ ജില്ലാ ക്ഷീരസംഗമം സമാപനസമ്മേളനം ചേലക്കരയില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ പശുവിനെ വിറ്റ് മത്സരത്തില്‍ പങ്കെടുക്കേണ്ടിവന്ന ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒരു പശുവിനെ നല്‍കുമെന്ന് മന്ത്രി ചടങ്ങില്‍ അറിയിച്ചു..കേരളത്തിലെ മലബാര്‍ മേഖല യൂണിയന്റെ പാലാണ് ദേശീയ മൃഗസംരക്ഷണ വകുപ്പ് ഏറ്റവും ഗുണമേന്മയുള്ള പാലായി തിരഞ്ഞെടുത്തത്.
ക്ഷീരകര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ ലഭ്യത ഉറപ്പുവരുത്തുന്നതിന് നിയമസഭയില്‍ കാലിത്തീറ്റ ബില്‍ പാസാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഒരു വര്‍ഷത്തിനുള്ളില്‍ പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം 50 പഞ്ചായത്തുകളില്‍ കൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കും. ചര്‍മ്മ മുഴ ബാധിച്ച് മരണപ്പെട്ട 800 പശുക്കള്‍ക്കുള്ള ധനസഹായവും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി..
ഡയറി സയന്‍സ് കോളജ് തുടങ്ങുന്നതിന് സ്ഥലം കണ്ടെത്തി നല്‍കുമെന്ന് പരിപാടിയില്‍ അധ്യക്ഷനായ ദേവസ്വം, മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ക്ഷീരമേഖലയിലെ വലിയ ഉണര്‍വിനാണ് ഈ കാലഘട്ടം സാക്ഷ്യം വഹിക്കുന്നത്. കേരളം എല്ലാ മേഖലയിലും കൈവരിച്ച മാതൃകാപരമായ വികസനം ക്ഷീര വികസനത്തിലും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.ചേലക്കര മുഖാരിക്കുന്ന് ശ്രീമൂലം തിരുനാള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ആയിരുന്നു പൊതുസമ്മേളനം.