എന്തു പ്രതിബന്ധങ്ങളേയും അതിജീവിക്കാനുള്ള കരുത്ത് മുഖ്യമന്ത്രിക്കുണ്ടെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ..പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത് സംസ്ഥാന സർക്കാർ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കിഫ്‌ബി പദ്ധതി പ്രകാരം നിർമ്മിച്ച തൃശ്ശൂര്‍ അണ്ടത്തോട് സബ് രജിസ്റ്റർ ഓഫീസ് കെട്ടിടം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സാമ്പത്തിക പരിമിതികളിൽ സഹായിക്കാത്ത, കടം എടുക്കാന്‍ പോലും അനുവദിക്കാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ രജിസ്ട്രേഷൻ വകുപ്പിനെ കൂടുതൽ ജനകീയവൽക്കരിച്ച് കരുത്തുറ്റതാക്കാനുള്ള പരിപാടികളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു..
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.87 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ചതാണ് അണ്ടത്തോട് സബ്ബ് രജിസ്റ്റർ ഓഫീസ് കെട്ടിടം . പുന്നയൂർക്കുളം പനന്തറയിൽ 4,999 ചതുരശ്ര അടി വിസ്തൃതിയിലാണ് ഇരുനില കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പുന്നയൂർക്കുളം,പുന്നയൂർ, വടക്കേക്കാട് പഞ്ചായത്തുകളിലെ 6 വില്ലേജുകൾ അണ്ടത്തോട് സബ് രജിസ്റ്റാർ ഓഫീസിന്‍റെ പ്രവര്‍ത്തന പരിധിയിലാണ്. എൻ കെ അക്ബർ എം എൽ എ അധ്യക്ഷനായി. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നാടൻ പാട്ട് സംഘത്തിന്റെ നാടൻ പാട്ടും വേദിയിൽ അരങ്ങേറി.