കൊല്ലം ഓടനാവട്ടം ടൗണില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിദ്യാര്‍ത്ഥികള്‍ അടക്കം നൂറു കണക്കിന് പേര്‍ എത്തുന്ന ടൗണില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായല്‍ ഏഴ് കിലോ മീറ്റര്‍ അകലെ നിന്ന് വേണം പൊലീസ് എത്താന്‍. ഈ സാഹചര്യത്തിലാണ് ഔട്ട് പോസ്റ്റ് വേണമെന്ന നാട്ടുകാരുടെ ആവശ്യം.
കൊല്ലം ജില്ലയിലെ വെളിയം പഞ്ചായത്തിലെയും പൂയപ്പള്ളി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ടതുമായ പ്രധാന ടൗണു കളിലൊന്നാണ് ഓടനാവട്ടം പൂയപ്പള്ളി സ്റ്റേഷനില്‍ നിന്നും ഏഴ് കിലോമീറ്ററോളം അകലെയാണ് ടൗണ്‍ സ്ഥിതിചെയ്യുന്നത്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ജനസാന്ദ്രത ഏറ്റവുമുള്ള തിരക്കേറിയ ചെറുപട്ടണമാണ് ഓടനാവട്ടംജംഗ്ഷനും പരിസര പ്രദേശവും. ചെപ്ര, വാപ്പാല , കൊച്ചാലുംമൂട് , മുട്ടറ, കുടവട്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും ക്രയവിക്രയങ്ങള്‍ക്കുമായി ദിനംപ്രതി നൂറ് കണക്കിന് ആളുകളാണ് ഓടനാവട്ടം ജംഗ്ഷനില്‍ എത്തുന്നത്.
പോലീസ് സ്റ്റേഷന്‍ ഇവിടെ നിന്ന് വളരെയധികം അകലെയായതിനാല്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോലീസ് എത്താന്‍ വൈകുമെന്നതിനാല്‍ നിരവധി മദ്യപന്മാരും സമൂഹവിരുദ്ധരും ഇവിടെ തമ്പടിക്കുന്നതും പ്രശ്‌നങ്ങളുണ്ടാക്കുന്നതും നിത്യസംഭവമാണ്.
കൊല്ലം , കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിലെ കോളജുകളിലേക്കും, സ്‌കൂളുകളിലേക്കും പോകുന്നതിനായി നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് ഓടനാവട്ടം ജംഗ്ഷനില്‍ ദിവസവും എത്തുന്നത്. നാട്ടുകാര്‍ നല്‍കിയ നിവേദനങ്ങളെ തുടര്‍ന്ന് ഒമ്പത് വര്‍ഷം മുമ്പ് ഇവിടെ പൊലീസ് ഔട്ട് പോസ്റ്റ് അനുവദിച്ചെങ്കിലും നടപടി ഉണ്ടായില്ല.
സ്വന്തം കെട്ടിടം ഉണ്ടാകുന്നതുവരെ വെളിയം പഞ്ചായത്ത് മൂന്ന് വര്‍ഷത്തേക്ക് കെട്ടിടം വാടകയ്‌ക്കെടുത്തു നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കെട്ടിടം വാടകയ്ക്ക് എടുത്ത് നല്‍കാഞ്ഞതിനാല്‍ പദ്ധതി നടപ്പിലായില്ല. മാറിമാറി വന്ന സര്‍ക്കാരുകള്‍ തുടര്‍ നടപടികള്‍ കൈക്കൊണ്ടില്ലെന്ന ആക്ഷേപം ശക്തമാണ്.