വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്ത വ്യാജ അഭിഭാഷകനെതിരെ നടപടിക്കൊരുങ്ങി ബാർ കൗൺസിൽ. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി മനു ജി രാജനെതിരെയാണ് ആരോപണം.
ഈ മാസം 18 ന് ചേരുന്ന ബാർ കൗൺസിൽ യോഗം നടപടികൾ ചർച്ച ചെയ്യും. എൻറോൾ പിൻവലിക്കുന്നതിനൊപ്പം നിയമ നടപടികളും സ്വീകരിക്കാനാണ് സാധ്യത വഞ്ചിയൂർ സ്വദേശിയായ മനു ജി രാജൻ 2013ലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. ഇതിനായി ബാർകൗൺസിലിന് നൽകിയിരുന്നത് മഗധ് സർവകലാശാലയുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ്.
പ്രാക്ടീസ് കാലയളവിൽ 53 പേരുടെ വക്കാലത്തും ഇയാൾ ഏറ്റെടുത്തിരുന്നു. മനു വ്യാജ അഭിഭാഷകനാണെന്ന് മനസിലാക്കി മാറനല്ലൂർ സ്വദേശി സച്ചിൻ നൽകിയ പരാതിയിൽ തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസും, എറണാകുളം സെൻട്രൽ പോലീസും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. വഞ്ചനയ്ക്കായി വ്യാജരേഖ ചമച്ചത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വ്യാജരേഖയിൽ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തത് ബാർ കൗൺസിലിനെയും, ഹൈക്കോതി രജിസ്ട്രാ റെയും അറിയിച്ചിട്ടുണ്ട്.
എൻറോൾ ചെയ്യാൻ നൽകിയ എൽ എൽ ബി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മഗധ് സർവകലാശാലയും ബാർ കൗൺസിലിനെ അറിയിച്ചിട്ടുണ്ട്. ബാർ കൗൺസിൽ യോഗത്തിൽ അഭിഭാഷകൻ്റെ എൻറോൾ പിൻവലിക്കാനുള്ള തീരുമാനമെടുക്കും. സ്വീകരിച്ച നടപടികൾ ബാർ കൗൺസിൽ ഓഫ് ഇന്ത്യയെയും അറിയിക്കും. പോലീസ് അന്വേഷണവുമായും ബാർ കൗൺസിൽ സഹകരിക്കും. വ്യാജരേഖയിൽ പോലീസിന് വിശദമായ മൊഴി നൽകും. എന്നാൽ കേസിൽ മനു ജി രാജിൻ്റെ അറസ്റ്റ് നീളുകയാണ്.