ശിൽപ്പകലയുടേയും സർഗ്ഗാത്മകതയുടേയും ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു നടത്തിയ അധ്യാപകർക്ക് ആദരമർപ്പിക്കുകയാണ് കണ്ണൂർ കുഞ്ഞിമംഗലത്തെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ സർഗമംഗല. കുഞ്ഞിമംഗലം സ്വദേശികളായ കെ ടി നാരായണൻ, പി പന്മനാഭൻ എന്നീ ചിത്രകലാ അധ്യാപകർക്കാണ് കൂട്ടായ്മയുടെ ആദരം.
മൂന്ന് തലമുറയിൽപെട്ടവരെ ചിത്രകലാ രംഗത്തേക്ക് കൈപീടിച്ച് കൊണ്ട് വന്ന അധ്യാപകരാണ് കെ.ടി.നാരായണൻ മാസ്റ്ററും, പി.പത്മനാഭൻ മാസ്റ്ററും. കുഞ്ഞിമംഗലത്തെ ചിത്രകാരന്മാരുടെ കുട്ടായ്മയായ സർഗ്ഗമംഗലയുടെ നേതൃത്വത്തിൽ ഇന്നും നാളെയുമായാണ് നാടിനാകെ സർഗ വെളിച്ചം പകർന്നു നൽകിയ അധ്യാപകർക്ക് ആദരം നൽകുന്നത്.കുഞ്ഞിമംഗലം സെൻട്രൽ യൂപീ സ്കൂളിൽ നടക്കുന്ന ഗുരു ശിഷ്യ സംഗമത്തിന് "പയ്യൻസ് ടുഗെദർ " എന്നാണ് പേര് നൽകിയിരിക്കുന്നത്. പരിപാടിയുടെ പ്രചരണാർത്ഥം സ്കൂൾ പരിസരത്ത് ചിത്രപ്രദർശനവും ഒരുക്കി.
ചിത്രച്ചുമരിൻ്റെ പ്രകാശനം പ്രശസ്ത ചിത്രകാരൻ രവീന്ദ്രൻ തായിനേരി നിർവ്വഹിച്ചു. വിജയൻ അടുക്കാടൻ അധ്യക്ഷത വഹിച്ചു. ഗണേഷ്കുമാർ കുഞ്ഞിമംഗലം, ഡോ.വൈ.വി.കണ്ണൻ മാസ്റ്റർ, ജ്യോതിഷ് കെപി. പിഎം.മധുമാസ്റ്റർ , പിവി.പ്രകാശൻ എന്നിവർ നേതൃത്വം നൽകി.