Share this Article
image
എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയ സംഭവം; ആഴത്തില്‍ കുഴിച്ച് പരിശോധിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്
Endosulfan burial incident in kasargod

കാസറഗോട്ട്,എൻഡോസൾഫാൻ അശാസ്ത്രീയമായി കുഴിച്ചുമൂടിയ സംഭവം, എന്‍ഡോസള്‍ഫാന്‍ സാന്നിധ്യം കണ്ടെത്താന്‍ ആഴത്തില്‍ കുഴിച്ച് പരിശോധിക്കണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ശുപാര്‍ശ. മിഞ്ചിപ്പദവിലെ പ്ലാന്റേഷന്‍ തോട്ടത്തില്‍ നടത്തിയ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

പി.സി.കെ.ക്ക് കീഴിലെ 32 കിണറുകളില്‍ അഞ്ച് കിണര്‍ മൂടി. അവയില്‍ ബാരലുകള്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്നും മണ്ണില്‍ എന്‍ഡോസള്‍ഫാന്‍ കലര്‍ന്നുവോ എന്നുമറിയാന്‍ 80 മുതല്‍ 100 അടി വരെ താഴ്ചയില്‍ കുഴിച്ച് പരിശോധിക്കണമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ  പ്രാഥമിക റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലുള്ളത്. പി.സി.കെ.യുടെ അധീനതയിലുള്ള മൂടാത്ത 27 കിണറുകളിലെ വെള്ളം എല്ലാ മാസവും, പ്രദേശത്തെ മണ്ണ് വര്‍ഷത്തില്‍ രണ്ടുതവണയും പരിശോധിച്ച് ഫലം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണമെന്നും ശുപാര്‍ശയുണ്ട്.

കേരള, കര്‍ണാടക സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍, ആരോഗ്യവിഭാഗം, കേന്ദ്ര കൃഷിവകുപ്പ്, ഐ.സി.എം.ആര്‍., കാര്‍ഷിക ഗവേഷണ കൗണ്‍സില്‍, കേന്ദ്ര ഭൂജലവകുപ്പ് തുടങ്ങിയവയുടെ സാന്നിധ്യത്തിലായിരിക്കണം മൂടിയ കിണറുകള്‍ കുഴിച്ചുള്ള പരിശോധന. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അതിന്റെ നോഡല്‍ ഏജന്‍സിയായി നിര്‍ദേശിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

മലിനീകരണം കണ്ടാല്‍ നിയമാനുസൃതമല്ലാതെ ബാരലുകള്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം പി.സി.കെ.യില്‍ ഈടാക്കണമെന്നും പറയുന്നു. എന്‍ഡോസള്‍ഫാന്റെ ഒഴിഞ്ഞ ബാരലുകള്‍ തള്ളി മണ്ണിട്ട് മൂടിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന കിണറിന്റെ മുകള്‍ഭാഗത്തുനിന്ന് സി.പി.സി.ബി. പ്രതിനിധികള്‍ ഡിസംബര്‍ 28-ന് ഒരടി ആഴത്തിലാണ് പരിശോധനയ്ക്കായി മണ്ണ് ശേഖരിച്ചത്. ഇതിന്റെ വിശദ പരിശോധനാഫലം ഹരിത ട്രിബ്യൂണലിന് മുന്‍പിലാണ്. ഹരിത ട്രിബ്യൂണലിന്റെ ദക്ഷിണ മേഖലാ ബെഞ്ച് കേസ് 28-ന് വീണ്ടും പരിഗണിക്കും.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories