5 മാസമായി മുടങ്ങിക്കിടക്കുന്ന പെൻഷൻ ആവിശ്യപ്പെട്ട് ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പ്പാലത്ത് 90 വയസ്സുകാരിയുടെ വഴി തടയൽ സമരം. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു പ്രതിഷേധം.കറുപ്പ് പാലം സ്വദേശി പൊന്നമ്മയാണ് മുടങ്ങിക്കിടക്കുന്ന പെൻഷൻ ആവിശ്യപ്പെട്ട് സമരം ചെയ്തത്.
അടുപ്പ് പുകയാനുള്ള അവസാന വഴിയും അടഞ്ഞതോടെയാണ് ഈ അമ്മ ഇത്തരം ഒരു പ്രതിഷേധത്തിലേക്ക് കടന്നത്. 5 മാസമായി പെൻഷൻ മുടങ്ങിയിട്ട് അയൽവാസികളുടെ കാരുണ്യം കൊണ്ടാണ് മരുന്നും ഭക്ഷണവും ഇതുവരെ മുടങ്ങാതിരുന്നത്.കൂലി തൊഴിലാളിയായ മകൻ മായന് ആഴ്ചകളായി പണിയില്ല.സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നിലച്ചതിനൊപ്പം വീട്ടിലെത്തി മസ്റ്ററിങ്ങ് നടത്തിയെങ്കിലും വരുമാന സർട്ടിഫിക്കറ്റ് നല്കാത്തതാണ് പൊന്നമ്മയുടെ പെൻഷൻ മുടങ്ങാൻ കാരണം.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പൊന്നമ്മയെ ഫോണിൽ വിളിച്ചു സംസാരിച്ചു. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തി ഒരുമാസത്തെ പെൻഷൻ തുകയും ഭക്ഷ്യ കിറ്റും കൈമാറി.മുടങ്ങി കിടക്കുന്ന പെൻഷൻ പൂർണ്ണമായി ലഭിച്ചാൽ മാത്രമേ ഈ കുടുംബത്തിന്റെ ദുരിതത്തിന് ശാശ്വത പരിഹാരം ആകുകയുള്ളൂ.