തൃശ്ശൂരില്‍ രണ്ടിടങ്ങളില്‍ കാട്ടാന ആക്രമണം. അതിരപ്പിള്ളി അമ്പലപ്പാറയിൽ ദമ്പതികളെ കാട്ടാന ആക്രമിച്ചപ്പോൾ മലക്കപ്പാറ റോപ്പമട്ടത്ത് ചായ കുടിക്കാൻ എത്തിയ യുവാവിനാണ് കാട്ടാനയുടെ ആക്രമണം നേരിടേണ്ടിവന്നത്.
ബൈക്കിൽ എത്തിയ കോയമ്പത്തൂർ സ്വദേശികളായ സുരേഷ്, സെൽവി എന്നിവരെയാണ് കഴിഞ്ഞ ദിവസം കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തിയത്. അതിരപ്പിള്ളി അമ്പലപ്പായിലായിരുന്നു സംഭവം. പരിക്കേറ്റ സെൽവിയെ ആദ്യം വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ പിന്നീട് അങ്കമാലി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി.
ഇതിന് പിന്നാലെ രാത്രി ഏഴോടെ മലക്കപ്പാറയിൽ ആയിരുന്നു രണ്ടാമത്തെ ആഖ്രമണം. കോയമ്പത്തൂർ സ്വദേശി സ്വദേശി 35 വയസ്സുള്ള തിർദാസ്ഖാനെയാണ് കാട്ടാന ആക്രമിച്ചത്. ഭാര്യ വീട്ടിലെത്തിയ തിർദാസ് ഖാൻ ചായകുടിക്കാനായി കടയ്ക്ക് സമീപം നിൽക്കുമ്പോഴായിരുന്നു ഒരു പ്രകോപനവും ഇല്ലാതെയുള്ള കാട്ടാനയുടെ ആക്രമണം.ആളുകൾ ഒച്ചവെച്ചതിനെ തുടർന്നാണ് ആന പിൻതിരിഞ്ഞത്. പരിക്കേറ്റ യുവാവിനെ മലക്കപ്പാറയിലെ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് 30ലധികം ആനകളാണ് വിവിധ ഇടങ്ങളിലായി നിലയുറപ്പിച്ചിട്ടുള്ളത്. കാട്ടാനക്കൂട്ടങ്ങളെ തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.