കേരള സംഗീത നാടക അക്കാദമിയുടെ പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് അരങ്ങുണരും. മന്ത്രി സജി ചെറിയാൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും.ഉദ്ഘാടനദിവസമായ ഇന്ന് വൈകീട്ട് പോർച്ചുഗീസ് നാടകം 'അപത്രിദാസ്' അരങ്ങേറും.
ഒരുമ, സമാധാനം, ദൃഢവിശ്വാസം എന്നതാണ് ഈ വർഷത്തെ നാടകോത്സവത്തിന്റെ ആശയം. സംഗീത നാടക അക്കാദമിക്കൊപ്പം രാമനിലയം, സ്കൂൾ ഓഫ് ഡ്രാമ കാമ്പസുകൾ, കോർപറേഷൻ പാലസ് ഗ്രൗണ്ട്, ടൗൺ ഹാൾ എന്നിവ വേദികളാകും. ഈ മാസം 16 വരെ നീണ്ട് നിൽക്കുന്ന നാടകോത്സവത്തിൽ തിരഞ്ഞെടുത്ത 23 നാടകങ്ങൾ 7 വേദികളിലായി 47തവണ പ്രദർശിക്കും. സാമ്പത്തിക ഞെരുക്കങ്ങളുണ്ടെങ്കിലും നാടകോത്സവം ഏറ്റവും മികച്ചതാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ
ഡൽഹിയിലെ ട്രാം ആർട്സ് ട്രസ്റ്റിന്റെ മാട്ടി കഥ , ഡൽഹി ദസ്താൻ ലൈവിന്റെ 'കബീര ഖദാ ബസാർ മേ' എന്നിവയാണ് ഇന്നത്തെ മറ്റ് പ്രദർശനങ്ങൾ. വൈകീട്ട് അഞ്ച് മണിക്ക് മന്ത്രി സജി ചെറിയാൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. പാനൽ ചർച്ചകൾ, ദേശീയ, അന്തർദേശീയ നാടകപ്രവർത്തകരുമായുള്ള മുഖാമുഖം, സംഗീതനിശകൾ, തിയേറ്റർ ശില്പശാലകൾ എന്നിവയും നാടകോത്സവത്തിന്റെ ഭാഗമായി നടക്കും.