വിപണിയില്‍ വിതരണം ചെയ്യുന്ന കറി പൗഡറുകളില്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന മാരക വിഷ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നതായി വിവരാവകാശ രേഖ. 2024 ജനുവരി 25-ാം തീയതി എറണാകുളം റീജിയണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പരിശോധനകള്‍ നിരവധി ഉണ്ടായിട്ടും കറി പൗഡറുകളുടെ ഗുണമേന്മയുടെ കാര്യത്തില്‍ കൃത്യത വരുത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല എന്നാണ് ഈ രേഖകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.
എത്തയോണ്‍, ഫെന്‍പ്രോപാത്രിന്‍, സൈക്ലോഹെക്‌സൈന്‍, ഡിമത്തോയേറ്റ്, മാലതയോണ്‍ തുടങ്ങി ശരീരാവയവങ്ങളെ തീര്‍ത്തും ഇല്ലാതാക്കാന്‍ കാരണമാകുന്ന വിഷ പദാര്‍ത്ഥങ്ങളാണ് ഓരോ കറി പൗഡറുകളിലും കാണ്ടെത്തിയിട്ടുള്ളത്. 2022 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള കണക്കുകളാണ് എറണാകുളം റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറി പുറത്തു വിട്ടിരിക്കുന്നത്.
ഹൈസ മീറ്റ് മസാല, ദേവന്‍ ചില്ലി പൗഡര്‍, രാജ് പ്രോഡക്ട്‌സ് മുളകുപൊടി, തേജ ചില്ലി പൗഡര്‍, കിച്ചണ്‍ ട്രഷേഴ്‌സ്, ആച്ചി കുളമ്പു ചില്ലി മസാല, കാര്‍ത്തിക ബേക്കറി ആന്റ് സൂപ്പര്‍മാര്‍ക്കറ്റ് ആന്റ് ചില്ലി പൗഡര്‍, അജ്മി ചിക്കന്‍ മസാല തുടങ്ങി 19 പേരുകളാണ് ലാബ് റിപ്പോര്‍ട്ടില്‍ വില്ലന്മാരായിട്ടുള്ളത്.
അതേസമയം, റീജിയണല്‍ അനലറ്റിക്കല്‍ ലാബില്‍ 57 തസ്തികകള്‍ ഉള്ളതില്‍ 9 എണ്ണം ഒഴിഞ്ഞു കിടക്കുകയാണെന്നും വിവരാവകാശ മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കറി പൗഡറുകളുടെ കെമിക്കല്‍ പരിശോധനയ്ക്ക് ജിഎസ്ടിയ്ക്ക് പുറമെ 1800 രൂപയാണ് ഫീസ്. ഇതില്‍ കീടനാശിനിയുടെ അംശം കണ്ടെത്തുന്നതിനായി ജിഎസ്ടിയ്ക്ക് പുറമെ 5250 രൂപ നല്‍കണം.