വംശീയതക്കെതിരായ മാനുഷികതയുടെ പ്രഖ്യാപനമാണ് മസ്ജിദുകളെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ പി.മുജീബ് റഹ്മാൻ..വളർന്നു വരുന്ന വിദ്വേഷങ്ങൾക്കെതിരായി നന്മ നിറഞ്ഞ ജീവിതം കൊണ്ട് പ്രതിരോധം തീർക്കാൻ കഴിയണമെന്നും മുജീബ് റഹ്മാൻ പറഞ്ഞു. നവീകരിച്ച കൊടുങ്ങല്ലൂര്‍ കാളമുറി മസ്ജിദ് മുബാറക്കിന്റെ സമർപ്പണവും, സൗഹൃദ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വംശീയതക്കെതിരെ മാനവ സാഹോദര്യത്തിന്റെ പ്രഖ്യാപനമാണ് മസ്ജിദുകൾ. ഒരേ മാതാവിൽ നിന്നും പിതാവിൽ നിന്നും ഉണ്ടായ സഹോദരങ്ങളാണ് സകല മനുഷ്യരുമെന്നാണ് മതം പ്രഖ്യാപിക്കുന്നത്. ഇതിന്റെ പൂർത്തീകരണമാണ് ആരാധാനാലയങ്ങളിലൂടെ നടക്കേണ്ടത്. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുമ്പോൾ മാത്രമാണ് ആരാധനാലയങ്ങളുടെ ദൗത്യം പൂർത്തിയാവുന്നതെന്നും മുജീബ് റഹ്മാൻ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.ഷാനവാസ് അധ്യക്ഷനായി. ബെന്നി ബെഹനാൻ എം.പി, ഇ.ടി.ടൈസൺ എം.എൽ.എ, കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ലാ പ്രസിഡന്റ് ജമാൽ പാനായികുളം തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ, ചികിത്സ സഹായ വിതരണവും നടന്നു. സി.എ. പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷിജാൻ അബൂബക്കറിനെയും, പള്ളിയുടെ നിർമ്മാണ ചുമതല വഹിച്ച റഫീക് വൈപ്പിപ്പാടത്ത്, ഈസ വൈപ്പിപ്പാടത്ത് എന്നിവരെയും ആദരിച്ചു.