അവസാനം ഇല്ലാതെ തുടരുന്ന ഇസ്രയേൽ - പാലസ്തീൻ യുദ്ധം മുറിവേൽപ്പിച്ചു കൊണ്ടേയിരിക്കുന്നു. തൃശ്ശൂരിലെ 'ഇറ്റ്ഫോക്' അന്താരാഷ്ട്രനാടകോത്സവ വേദിയിലും ചർച്ചയാകുന്നത് പാലസ്തീൻ - ഇസ്രയേൽ യുദ്ധ ഭീകരതയാണ്. ചവിട്ടി നിൽക്കാൻ മണ്ണില്ലാത്ത ലോകത്തെ അനേക കോടി മനുഷ്യരുടെ കഥ പറയുകയാണ് ബ്രസീലിയൻ നാടകം 'അപത്രിദാസ്'.
അപത്രിദാസ് അഥവാ ദേശമില്ലാത്തവർ. പോർച്ചുഗീസ് ഭാഷയിൽ അരങ്ങിലെത്തുന്നനാടകം. സ്വന്തം രാജ്യത്തുപോലും പരിഗണിക്കപ്പെടാതെ മാറ്റി നിർത്തപ്പെട്ടവരുടെ ശബ്ദം. യുദ്ധവും വംശീയതയും സംഘര്‍ഷവും അഭയാര്‍ഥികളാക്കുന്ന ലോകമെങ്ങുമുള്ള മനുഷ്യന്റെ കഥയാണ് അപത്രിദാസ്.
ഗ്രീക്ക് ഇതിഹാസ കഥാപാത്രങ്ങളായ കസാന്ദ്ര, ഹെക്യൂബ, പ്രൊമിത്യൂസ്, ഹെർക്കുലീസ്. നാല് അഭിനേതാക്കള്‍ അരങ്ങിൽ. അധികാരം, വിയോജിപ്പ്, വിദ്വേഷം, അനീതി കെട്ടുപിണഞ്ഞ അവയുടെ ബന്ധങ്ങൾ തുറന്നുകാട്ടുന്നു.
പ്രശസ്ത നാടകകൃത്ത് കരീന കാസുസെല്ലി എഴുതിയ നാടകം ലെനേഴ്സൺ പൊലോനിനിയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. നാല് മൊണോലോഗുകളിലൂടിയാണ് കടന്നുപോകുന്ന നാടകം പാലസ്തീൻ ജനതയടക്കമുള്ളവരുടെ ദുരിതത്തിന്റെ നേർസാക്ഷ്യമാണ് അരങ്ങിൽ എത്തിക്കുന്നത്.