Share this Article
image
അവതരണ മികവ് കൊണ്ട് ശ്രദ്ധേയമായി 'കുരുത്താലി ദി പ്രൊഫൈല്‍ അണ്‍ലോക്കഡ്
'Kuruthali The Profile Unlocked' is notable for its presentation excellence

സ്ത്രീ പുരുഷ സമത്വം ആഹ്വാനം ചെയ്യുന്ന ''കുരുത്താലി ദി പ്രൊഫൈൽ അൺലോക്കഡ്'' എന്ന നാടകം അവതരണ മികവ് കൊണ്ട് ശ്രദ്ധേയമാകുന്നു. തൃശ്ശൂര്‍ ആറങ്ങോട്ടുകര കലാപാഠശാല അവതരിപ്പിക്കുന്ന നാടകം എഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അസീസ് പെരിങ്ങോടാണ്.

കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ തയ്യാറാക്കിയ നാടകമാണ് 'കുരുത്താലി ദി പ്രൊഫൈൽ അൺലോക്കഡ്'.സ്ത്രീ സമത്വം പറയുന്നുണ്ടെങ്കിലും പുരുഷാധിപത്യം സമൂഹത്തിൽ ഇന്നും ശക്തമായി നിലനിൽക്കുന്നുണ്ടെന്നാണ് നാടകം ചൂണ്ടികാണിക്കുന്നത്.

നർമ്മ രംഗങ്ങളും നർമ്മ സംഭാഷണങ്ങളും കോർത്തിണക്കിയ നാടകം മനുഷ്യൻ്റെ കപടമുഖങ്ങളെ പൊളിച്ച് കാട്ടുന്നു. ആക്ഷേപ ഹാസ്യത്തിലൂടെ സമകാലിക വിഷയങ്ങളെ നോക്കി കാണുന്ന നാടകം കാണികളിൽ ചിരിയും ചിന്തയും ഉണർത്തുന്നതാണ്.

കുടുംബശ്രീ ഉൾപ്പടെയുള്ള സംവിധാനങ്ങളിലൂടെ സ്ത്രീകൾ കരുത്താർജ്ജിക്കുമ്പോൾ ആണധികാരത്തിൻ്റെ മേൽ കോയ്മയ്ക്ക് അസ്വസ്ഥത ബാധിക്കുന്നു. തുടർന്ന്  പുരുഷകേസരികൾ മത രാഷ്ട്രീയ വ്യത്യാസമില്ലതെ പെൺ മുന്നേറ്റത്തെ തടയാൻ ശ്രമിക്കുകയും ഇതിനെ സ്ത്രീ കൂട്ടായ്മ ചെറുത്തു തോൽപ്പിക്കുകയും ചെയ്യുന്നതാണ് നാടകത്തിൻ്റെ ഇതിവൃത്തം. 

മതത്തിൻ്റെ ചട്ടകൂടുകളുണ്ടാക്കി ആചാരനുഷ്ഠാനങ്ങളുടെ മറവിൽ  സ്ത്രീകളെ കാലങ്ങളായി തളച്ചിടുന്നതിനെതിരേയും നാടകം ശക്തമായി പ്രതികരിക്കുന്നുണ്ട്.നായിക നായകൻമാരില്ലാതെ എല്ലാ കഥാപാത്രങ്ങളും കാണികളുടെ മനസിൽ ഇടം പിടിക്കുന്ന രീതിയിലാണ് സംവിധായകൻ നാടകത്തെ ഒരുക്കിയിരിക്കുന്നത്.

iffk യുടെ സ്വർണ്ണ ചാകോരം നേടിയ തടവ് എന്ന സിനിമയിലെ നായിക ബീന ആർ. ചന്ദ്രൻ, നാടക പ്രവർത്തക ശ്രീജ ആറങ്ങോട്ട്ക്കര, മനോജ് കുരഞ്ഞിയൂര്, സി.എം.നാരായണൻ, നിന്യ കൃഷണ, ഹരിത, അനുഷ, നവീൻ പൈനിത്തടം, അനീഷ്, സുനിൽ കുമാർ, രാമകൃഷ്ണൻ ആറങ്ങോട്ടുക്കര, വിപിൻ തുടങ്ങിയവരാണ് കഥാപാത്രങ്ങൾക്ക് വേഷമിടുന്നത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories