Share this Article
എം.കെ.രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനൗദ്യോഗിക തുടക്കം കുറിച്ച് സമരാഗ്‌നി യാത്ര
Samaragni Yatra about the unofficial start of MK Raghavan's election campaign

എം.കെ.രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനൗദ്യോഗിക തുടക്കം കുറിച്ച് കെപിസിസി സമരാഗ്നി യാത്രയുടെ കോഴിക്കോടെ സ്വീകരണ സമ്മേളനം. കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥിയായി എംകെ രാഘവനെ തന്നെ വേണമെന്ന് ഡിസിസി പ്രസിഡണ്ട് പരസ്യമായി ആവശ്യപ്പെട്ട സമ്മേളനത്തിൽ അതിനെ പിന്തുണയ്ക്കുന്ന പ്രസംഗമാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നടത്തിയത്. താൻ കോഴിക്കോട് നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു എം കെ രാഘവൻ സംസാരിച്ചത്.

കേരളത്തിൽ കോൺഗ്രസിന്റെ സിറ്റിംഗ് എംപിമാർ തന്നെ വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കണമെന്ന പാർട്ടി തലത്തിലുള്ള ധാരണ. എങ്കിലും സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. അതിനിടെയാണ് കെപിസിസിയുടെ സമരാഗ്നി യാത്രയ്ക്ക് കോഴിക്കോട് കടപ്പുറത്ത് ഒരുക്കിയ സ്വീകരണ സമ്മേളനം എംകെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമാക്കി നേതൃത്വം തന്നെ മാറ്റിയത്.

സമ്മേളനത്തിന്റെ അധ്യക്ഷൻ എം.കെ.രാഘവനായിരുന്നു. സ്വാഗത പ്രാസംഗികനായ കോഴിക്കോട് ഡിസിസി പ്രസിഡണ്ട് കെ.പ്രവീൺകുമാർ എം.കെ.രാഘവനെ വാനോളം പുകഴ്ത്തി. കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥിയായി അദ്ദേഹം തന്നെ വേണമെന്ന് പരസ്യമായി ആവശ്യമുന്നയിക്കുകയും ചെയ്തു.

പിന്നാലെ അധ്യക്ഷനായി എത്തിയ എം.കെ.രാഘവൻ തന്റെ പ്രവർത്തനങ്ങളെ ഗിമ്മിക്ക് എന്ന് വിശേഷിപ്പിച്ച സിപിഐഎമ്മിനുള്ള മറുപടി നൽകി. അതിലൂടെ തന്റെ വികസന നേട്ടങ്ങളും ഉയർത്തിക്കാട്ടി. എം.കെ.രാഘവന്റെ ജനപിന്തുണ തന്നെ അതിശയിപ്പിക്കുന്നുവെന്ന് പറഞ്ഞായിരുന്നു കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ മറുപടി പ്രസംഗം തുടങ്ങിയത്. 

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും സന്നിഹിതരായിരുന്നു. തുടർച്ചയായി നാലാമത്തെ തവണയാണ് എം.കെ.രാഘവൻ കോഴിക്കോട് മണ്ഡലത്തിൽ നിന്നും ജനവിധി തേടാൻ ഒരുങ്ങുന്നത്. അദ്ദേഹത്തിൻ്റെ ജനകീയത തന്നെയാണ് കോൺഗ്രസിനും യുഡിഎഫിനും ഉള്ള ഏറ്റവും വലിയ ആത്മവിശ്വാസവും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories