ഇടുക്കി നെടുങ്കണ്ടത്ത് പുതിയ ടൗണ്‍ ഹാള്‍ വരുന്നു, ആദ്യ ഘട്ട നിര്‍മ്മാണത്തിന് 50 ലക്ഷം രൂപ ബഡ്ജറ്റില്‍ വകയിരുത്തി. ടൂറിസം, കായിക വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രത്യേക പരിഗണന നല്‍കി നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഡി ജയകുമാര്‍ അവതരപിച്ചു.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന് 56.57 കോടി രൂപയുടെ ബജറ്റ്. വൈസ് പ്രസിഡന്റ് ഡി ജയകുമാര്‍ അവതരിപ്പിച്ച ബജറ്റില്‍ 55.58 കോടി രൂപ ചെലവും 98 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനം, പബ്ലിക്ക് മാര്‍ക്കറ്റിന്റെ തുടര്‍ നിര്‍മ്മാണം, പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ തുടര്‍ നടത്തിപ്പ് തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്.
മാലിന്യ പ്ലാന്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 10 ലക്ഷം രൂപയും പ്ലാസ്റ്റിക് സംസ്‌കരണത്തിനും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനും ജൈവവള നിര്‍മ്മാണ യൂണിറ്റിനുമായി 75 ലക്ഷം രൂപ ബജറ്റില്‍ നീക്കിവച്ചു. മാര്‍ക്കറ്റിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് കോടി രൂപ അനുവദിച്ചു.
കേരളത്തിലെ ആദ്യ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയമായ നെടുങ്കണ്ടത്തെ സ്റ്റേഡിയത്തിന്റെ തുടര്‍ നടത്തിപ്പിനും ഇതര പ്രവര്‍ത്തനങ്ങള്‍ക്കുമായി 50 ലക്ഷം രൂപയും അനുവദിച്ചു. ക്രിമിറ്റോറിയം, സഹ്യദര്‍ശന്‍ പാര്‍ക്ക് എന്നിവയ്ക്കും ബജറ്റില്‍ പരിഗണന നല്‍കിയിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്കായി 40 ലക്ഷം രൂപയും മൃഗസംരക്ഷണ മേഖലയ്ക്ക് 10 ലക്ഷം രൂപയും ആരോഗ്യ മേഖലയ്ക്ക് 83 ലക്ഷം രൂപയും കുടുംബശ്രീ വഴിയുള്ള മെഡിക്കല്‍ സ്റ്റോറിന് 10 ലക്ഷം രൂപയും അനുവദിച്ചു.
കുടുംബശ്രീ സംവിധാനങ്ങളുടെ വിപുലീകരണം ജാഗ്രതാ സമിതികളുടെ ശാക്തീകരണം വയോജനങ്ങള്‍ക്കും മറ്റുമായി കൗണ്‍സിലിംഗ് തുടങ്ങിയവയ്ക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകള്‍ക്കായി നാല് കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തൊഴിലുറപ്പ് മേഖലയില്‍ 13 കോടി രൂപയാണ് അനുവദിച്ചത്.
ബജറ്റ് അവതരണ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാ ത്യാഗരാജന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്‍, സുരേഷ് പള്ളിയാടിയിൽ, ബിന്ദു സഹദേവൻ, വിജിമോൾ വിജയൻ, സിജോ നടക്കൽ, അജീഷ് മുതുകുന്നേൽ,ശോഭന വിജയൻ, ബെന്നി മുക്കുങ്കൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.