കോഴിക്കോട് നാദാപുരത്ത് നിർമ്മാണത്തിലിരുന്ന വീട് തകർന്നുവീണ് രണ്ടു തൊഴിലാളികൾ മരിച്ചു. മരണപ്പെട്ടവരിൽ വീട്ടുടമയുടെ അടുത്ത ബന്ധുവായ യുവാവും ഉൾപ്പെടുന്നുണ്ട്. മണ്ണിനടിയിൽ കുടുങ്ങിയ മറ്റു രണ്ടു തൊഴിലാളികളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. നാദാപുരം വളയത്തിനടുത്ത് കൊമ്മോട്ട്പൊയിൽ എന്ന സ്ഥലത്ത് നിർമ്മാണത്തിൽ ഇരിക്കുന്ന വീടിൻറെ മുകളിലെ സൺഷൈഡായി നിർമ്മിച്ച സ്ലാബ് താഴേക്ക് അടർന്നു വീഴുകയായിരുന്നു.
ശ്രീബേഷ് എന്നയാളുടെ ഉടമസ്ഥതയിൽ നിർമ്മിക്കുന്ന വീടാണ് തകർന്നുവീണത്. ഈ സമയം സിമന്റ് പ്ലാസ്റ്ററിങ് ജോലി ചെയ്യുകയായിരുന്ന നാലു തൊഴിലാളികൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയി. ഇവരിൽ വീട്ടുടമ ശ്രീബേഷിന്റെ അടുത്ത ബന്ധുവായ പ്രദേശവാസി നവജിത്ത്, കൊമ്മോട്ടുപൊയിൽ സ്വദേശി തന്നെയായ വിഷ്ണു എന്നിവരാണ് മരിച്ചത്.
കൊമ്മോട്ടുപൊയിൽ സ്വദേശിയായ ലിഗേഷ്, കുറുവന്തേരി സ്വദേശി രജിൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. നാദാപുരം അഗ്നി രക്ഷാ നിലയത്തിൽ നിന്നും ഫയർ ഓഫീസർ എസ്.വരുണിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരും വളയം പൊലീസും സഹായവുമായി ഉണ്ടായിരുന്നു.