തൃശ്ശൂര്‍ വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ എക്സിബിഷൻ ഫെബ്രുവരി 16 ന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6 ന് നടക്കുന്ന ചടങ്ങ് സംസ്ഥാന മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അദ്ധ്യക്ഷനാകും.
ഉത്രാളിക്കാവ് പൂരത്തിന്റെ സാംസ്‌കാരിക, ടൂറിസം പ്രാധാന്യം കണക്കിലെടുത്ത് സംസ്കാരം, പൈതൃകം, പരിസ്ഥിതി എന്നിവയുടെ സംരക്ഷണത്തിനും പരിപോഷണത്തിനുമായി സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ വർഷം മുതൽ സംസ്ഥാന സർക്കാരിന്റെ ടൂറിസം കലണ്ടറിലും ഉത്രാളിക്കാവ് പൂരം ഇടം പിടിച്ച് ശ്രദ്ധ നേടുകയാണ്. വാഴാനി റോഡിൽ പ്രത്യേകം തയ്യാക്കിയ മൈതാനത്ത് നടത്തുന്ന പ്രദർശനത്തിൽ അവതാർ സിനിമ പാർട്ട് രണ്ട് അടിസ്ഥാനമാക്കിയുള്ള ഷോ പ്രധാന ആകർഷണമാകും.
ഉദ്ഘാടന ചടങ്ങിൽ രമ്യ ഹരിദാസ് എംപി, എ.സി മൊയ്തീൻ എംഎൽഎ, ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ, സിനിമാതാരം രചന നാരായണൻ കുട്ടി തുടങ്ങിയവർ പങ്കെടുക്കും. വ്യത്യസ്തമാർന്ന നിരവധി ആശയങ്ങൾ ഉൾകൊള്ളിച്ചാണ് സംഘാടക സമിതി ഇത്തവണ എക്സിബിഷൻ ഒരുക്കുന്നത്. 40 രൂപയാണ് എക്‌സിബിഷൻ പ്രവേശനഫീസ്. വിദ്യാർത്ഥികൾക്കുള്ള സൗജന്യ പ്രവേശന ടിക്കറ്റുകൾ സംഘാടകസമിതി സ്കൂളുകളിൽ നൽകും. ഓട്ടു പാറയിൽ വാഹന പാർക്കിങ്ങ് സൗകര്യവും ഒരുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.