ഇടുക്കി മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആനക്കുളത്ത് പുഴയില്‍ വെള്ളം കുടിക്കാന്‍ കാട്ടാനകള്‍ എത്തിയോ എന്നറിയാന്‍ ടെലഗ്രാം ചാനലുമായി വനംവകുപ്പ്. ആനക്കുളം എലഫന്റ് ഓര് എന്ന പേരിലാണ് വനംവകുപ്പ് ചാനല്‍ തുടങ്ങിയിരിക്കുന്നത്.
ചാനലില്‍ കയറി ആനയുണ്ടോ എന്ന് ബോധ്യപ്പെട്ടതിനു ശേഷം മൂന്നാര്‍ പോലുള്ള മേഖലയില്‍ നിന്നും സഞ്ചാരികള്‍ക്ക് ഇവിടെയെത്തി ആനക്കൂട്ടത്തെ കണ്ട് തിരിച്ചുപോകുവാന്‍ സഹായകരമാകുന്നതാണ് പദ്ധതി. ഈറ്റച്ചോലയാറ്റില്‍ നിന്ന് വെള്ളം കുടിക്കാനായാണ് കാട്ടാനകള്‍ കൂട്ടമായി ആനക്കുളത്തെത്തുന്നത്. ഈ കൗതുക കാഴ്ച കാണാമെന്ന പ്രതീക്ഷയോടെ ഇവിടേക്ക് നിരവധി സഞ്ചാരികളുമെത്തുന്നുണ്ട്. എന്നാല്‍, ചില സമയങ്ങളില്‍ സഞ്ചാരികള്‍ എത്തുമ്പോള്‍ ആനകളെ കാണാറില്ല.
ഇതിന് പരിഹാരമെന്നോണം 'ആനക്കുളം എലഫന്റ് ഓര്' എന്ന പേരില്‍ ഒരു ടെലഗ്രാം ചാനല്‍ തുടങ്ങിയിരിക്കുകയാണ് വനംവകുപ്പ്. ആനക്കുളത്ത് ആനക്കൂട്ടം വെള്ളം കുടിക്കാന്‍ എത്തുന്ന സമയത്ത് തന്നെ തത്സമയ ദൃശ്യങ്ങള്‍ സഹിതം സഞ്ചാരികള്‍ക്ക് അറിയിപ്പ് നല്‍കാനാണ് ചാനല്‍ സജ്ജമാക്കിയിരിക്കുന്നത്.
കാട്ടാനകളെ കാണുവാന്‍ ഇവിടെയെത്തുന്ന സഞ്ചാരികളുടെ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ഇതുകൊണ്ട് വനം വകുപ്പ് ഉദ്ദേശിക്കുന്നത്. ചാനലില്‍ കയറി ആനയുണ്ടോ എന്ന് ബോധ്യപ്പെട്ടതിനു ശേഷം മൂന്നാര്‍ പോലുള്ള മേഖലയില്‍ നിന്നും സഞ്ചാരികള്‍ക്ക് ഇവിടെയെത്തി ആനക്കൂട്ടത്തെ കണ്ട് തിരിച്ചുപോകുവാന്‍ കഴിയും.
ഇതുവരെ ആനക്കുളത്ത് ആനയുണ്ടോ എന്ന് തദ്ദേശിയരായ ആളുകളെ ഫോണില്‍ ബന്ധപ്പെട്ടതിനുശേഷം ആണ് സഞ്ചാരികളെയുമായി ജീപ്പ് ഡ്രൈവര്‍മാര്‍ എത്തിയിരുന്നത്. മാങ്കുളം ഫോറസ്റ്റ് ഡിവിഷനാണ് ടെലഗ്രാം ചാനല്‍ ഒരുക്കിയിരിക്കുന്നത്. ഇതിനായി വനം വകുപ്പ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.
ചാനലില്‍ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ചേരുന്നതിനായി ഒരു ക്യു ആര്‍ കോഡും വനംവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ആനകള്‍ വെള്ളം കുടിക്കാനെത്തുന്ന ആനക്കുളം ഇടുക്കിയുടെ ടൂറിസം മാപ്പിലെ പ്രധാന സ്ഥലമാണ്. വേനല്‍ക്കാലം ആയതോടെ ദിവസവും നിരവധി കാട്ടാനകളാണ് ആനക്കുളം പുഴയില്‍ വെള്ളം കുടിക്കാന്‍ എത്തുന്നത്.