വന്യജീവി ആക്രമണങ്ങളില്‍ വയനാട്ടില്‍ ജനരോഷം ഇരമ്പുന്നു. പുല്‍പ്പള്ളിയില്‍ നാട്ടുകാര്‍ വനംവകുപ്പിന്റെ വാഹനം തടഞ്ഞു. വന്യജീവി ആക്രമണത്തില്‍ ചത്ത പശുവിന്റെ ജഡം ജീപ്പിന് മുകളില്‍ വച്ചു. പ്രതിഷേധക്കാര്‍ ജീപ്പിന് റീത്തുവയ്ക്കുകയും ചെയ്തു.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായി ആയിരകണക്കിന് ആളുകളാണ് പുല്‍പ്പള്ളി ടൗണില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഇതിനിടയിലേക്കാണ് വനം വകുപ്പിന്റെ ജീപ്പ് എത്തിയത്. കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം കോഴിക്കോട് നിന്ന് എത്തിച്ച ആംബുലന്‍സിന് അകമ്പടി പോയ വനപാലകരാണ് ജീപ്പിലുണ്ടായിരുന്നത്.
വനം വകുപ്പ് വാഹനം കണ്ടതോടെ ആളുകള്‍ പ്രകോപിതരായി. പ്രതിഷേധക്കാര്‍ വാഹനത്തിന്റെ കാറ്റ് അഴിച്ചുവിട്ടു. വാഹനത്തിന്റെ റൂഫ് വലിച്ചുകീറുകയും അതിന് മുകളില്‍ റീത്ത് വയ്ക്കുകയും ചെയ്തു. കേണിച്ചിറയില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്റെ ജഡവും ജീപ്പിന്റെ മുകളില്‍ കെട്ടി വെച്ചു.
ജില്ലയില്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. കെഎസ്ആര്‍ടിസി-സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്‌സി എന്നിവയൊന്നും നിരത്തിലിറങ്ങിയിട്ടില്ല. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ആശുപത്രി ആവശ്യത്തിനായി പോകുന്ന സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.