കാസര്‍ഗോഡ് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് അന്തരിച്ച കവയിത്രി സുഗതകുമാരി നട്ട പയസ്വിനി മാവ് പൂവിട്ടു. ദേശീയ പാത വികസനത്തിനായി മാവിനെ വിദ്യാലയ മുറ്റത്തേക്ക് മാറ്റി നട്ടിരുന്നു. ഇനി കാത്തിരിപ്പ് കണ്ണിമാങ്ങയ്ക്കും തേന്‍ മധുരത്തിനും.
കാസര്‍ഗോഡ് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് കവയത്രി സുഗതികുമാരി നട്ട മാവാണ് പൂവിട്ടിരിക്കുന്നത്. ബസ്റ്റാന്‍ഡ് പരിസരത്ത് തണല്‍ വിരിച്ചിരുന്ന മരങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ രാത്രിയുടെ മറവില്‍ നശിപ്പിച്ചപ്പോള്‍ പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു അന്ന്
മാവിന്‍ തൈ നട്ടത്. സുഗതകുമാരി തന്നെയാണ് പയസ്വിനിയെന്ന പേരിട്ടതും. ദേശീയപാത വികസനത്തില്‍ തലപ്പാടി മുതല്‍ ചെങ്കള വരെ മരങ്ങള്‍ മുറിച്ചുമാറ്റിയപ്പോള്‍ 'പയസ്വിനി' പറിച്ചുനട്ട് സംരക്ഷിക്കാന്‍ ആവശ്യമുയര്‍ന്നു. കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി ഇതിന് തയ്യാറായി രംഗത്ത് വന്നു.
കാസര്‍ഗോഡ് പിപ്പിള്‍ സ് ഫോറവും , പോലീസും കൈകോര്‍ത്തതോടെ 16 വര്‍ഷം പ്രായമായ മാവ് 2022 ജൂണ്‍ 15-നാണ് ദേശീയപാതയരികില്‍ നിന്ന് അടുക്കത്ത് ബയല്‍ ഗവ. യു.പി. സ്‌കൂള്‍ വളപ്പിലേക്ക് മാറ്റിനട്ടത്.
ശാസ്ത്രീയ നിര്‍ദേശങ്ങള്‍ പാലിച്ച് മാവിന്റെ ഭാവി വളര്‍ച്ചക്ക് തടസമാകാതെ വളരെ ശ്രദ്ധയോടെയാണ് സ്‌കൂളിലേക്ക് മാറ്റിയത്. നരത്തെ പൂത്ത മാവ് മറ്റൊരിടത്തേക്ക് മാറ്റി നടുമ്പോള്‍ വളര്‍ച്ചയെ കുറിച്ച് ആശങ്കയുണ്ടായിരുന്നു. അതൊക്കെയും അസ്ഥാനത്താക്കിയാണ് പയസ്വിനി വളര്‍ന്നത്. കഴിഞ്ഞ വേനലിലാണ് തളിരണിഞ്ഞത്.
മരണവഴിയില്‍ നിന്നും,ജീവിതപ്പച്ചപ്പിലേക്ക് മടങ്ങിയെത്തിയ പയസ്വിനി'പൂവിട്ടതോടെ സന്തോഷത്തിലാണ് സ്‌കൂള്‍ അധികൃതരും, അധ്യാപകരും,വിദ്യാര്‍ത്ഥികളും, പരിസ്ഥിതി സ്നേഹികളും.ഇനി കാത്തിരിപ്പ് പയസ്വിനിയുടെ കണ്ണിമാങ്ങയ്ക്കും തേന്‍മധുരത്തിനുമായാണ്. സുഗതകുമാരി നട്ട മാവ് എന്ന പ്രത്യേകത തന്നെയാണ് മാവിന്റെ പൂവിടല്‍ പോലും ആഘോഷമാക്കുന്നതും.