Share this Article
image
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യംചെയ്തുള്ള അപ്പീലുകളില്‍ ഇന്ന് വിധി
Verdict today on the appeals challenging the trial court's verdict in the TP Chandrasekaran murder case

ആര്‍ എം പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ അപ്പീലുകളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ശിക്ഷ വിധി ചോദ്യം ചെയ്ത് പ്രതികളും പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും, സിപിഎം നേതാവ് പി.മോഹനന്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചതിനെതിരെ കെ.കെ.രമ എംഎല്‍എയും നല്‍കിയ അപ്പീലുകളിലാണ് വിധി. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക. 

എഫ്ഐആറില്‍ ഇല്ലാത്ത പലരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി. അതിനു പിന്നില്‍ രാഷ്ട്രീയഗൂഢാലോചന നടന്നിട്ടുണ്ട്. അതിനാല്‍ തങ്ങള്‍ക്കെതിരായ ശിക്ഷാ വിധി റദ്ദാക്കണം . ഇതാണ് പ്രതികളുടെ ആവശ്യം.

ചില പ്രതികള്‍ക്ക് നല്‍കിയ ശിക്ഷ കുറഞ്ഞുപോയെന്നും, പരമാവധി ശിക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ ഹര്‍ജി. കെകെ രമ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യങ്ങള്‍ ഇങ്ങനെയാണ്.

സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ അറിഞ്ഞു കൊണ്ടുള്ള രാഷ്ട്രീയക്കൊലപാതകമാണ് ടിപി ചന്ദ്രശേഖരന്റേത്. രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ ഉള്‍പ്പെട്ടിട്ടുള്ള സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചത് റദ്ദാക്കണം.

ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ കൂടി വിചാരണ ചെയ്യണം. വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4നാണ് ആര്‍എംപി സ്ഥാപക നേതാവ് ടി.പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ എം. സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്,  പി. കെ. കുഞ്ഞനന്തന്‍ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂര്‍ സ്വദേശി ലംബു പ്രദീപിനെ 3 വര്‍ഷത്തെ തടവിനും ശിക്ഷിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഎം നേതാവായ പി.മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വിട്ടയക്കുകയും ചെയ്തു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories