കാരയ്ക്കാമണ്ഡപത്ത് പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചതിന് കാരണം വ്യാജ അക്യുപങ്ചർ ചികിത്സയെന്ന് ആരോപണം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു, ഭർത്താവ് നയാസ് ചികിത്സ നിഷേധിച്ചതാണ് മരണത്തിന് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്.
നയാസിന്റെ രണ്ടാം ഭാര്യയും മകളും ചേർന്നാണ് പ്രസവം എടുത്തത്. അതേസമയം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വ്യാജ അക്യുപങ്ചർ ചികിത്സസ്ഥാപനങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ഇന്നലെയാണ് തിരുവനന്തപുരം കാരയ്ക്കമണ്ഡപത്ത് വീട്ടിൽ വെച്ചുളള പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച വിവരം പുറത്ത് വന്നത്. ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുക്കുന്നതിനിടെയായിരുന്നു മരണം.
പാലക്കാട് സ്വദേശിനി ഷമീറയാണ് രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. തനിക്ക് ചികിത്സ വേണ്ടെന്നും, അതിനായി ആരും വീട്ടിലേക്ക് വരരുതെന്നും ഷമീറ ആരോഗ്യ വിദഗ്ധരോട് ആവശ്യപ്പെട്ടിരുന്നു. തന്നെ ഭർത്താവ് ഉപേക്ഷിച്ചിട്ട് പോകുമെന്ന ആശങ്ക ഷമീറക്ക് ഉണ്ടായിരുന്നെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു.
അതേസമയം വ്യാജ അക്യുപങ്ചർ ചികിത്സരീതിയാണ് മരണത്തിന് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്. ഷമീറയുടെ ഭർത്താവ് നയാസ് വ്യാജ അക്യുപങ്ചർ സിദ്ധന്റെ ശിഷ്യനാണ്. ഇയാളുടെ രണ്ടാമത്തെ ഭാര്യയാണ് ഷമീറ.
ആദ്യഭാര്യയിലെ മകളും അക്യുപങ്ചർ ചികിത്സ രീതി പഠിക്കുന്നുണ്ട്. ആദ്യഭാര്യയും മകളും ചേർന്നാണ് പ്രസവം എടുത്തത്, തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചത്. മരണത്തിന് കാരണം ചികിത്സ നിഷേധം തന്നെയെന്ന് നാട്ടുകാർ ആരോപിക്കുന്നു
സംഭവം കൃത്യമായി അന്വേഷിക്കുമെന്നും സംസ്ഥാനത്തെ വ്യാജ അക്യുപങ്ചർ ചികിത്സ രീതികളെക്കുറിച്ച് പരിശോധിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഈ കാലഘട്ടത്തിലും അർഹതപ്പെട്ട ചികിത്സരീതി നിഷേധിക്കപ്പെട്ടതിനാലാണ് ഒരു യുവതിയും കുഞ്ഞും മരണപ്പെട്ടിരിക്കുന്നത്. ഇനി ഒരു സ്ത്രീക്ക് ഈ സാഹചര്യം ഉണ്ടാകരുതെന്ന് പറയുന്നു നാട്ടുകാർ. ഒപ്പം ചികിത്സാ ഉറപ്പാക്കാത്തതിന്റെ വൈകമായ കാരണം ഭർത്താവിൽ നിന്നും പൊലീസ് ചോദിച്ചറിയുകയാണ്.