തൃശ്ശൂര്‍ മച്ചാട് മാമാങ്കത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ മണലിത്തറ ദേശത്തിന്റെ കുംഭക്കുടം എഴുന്നള്ളിപ്പിൽ കുടം ചുമക്കാൻ തുടർച്ചയായ മുപ്പത്തെട്ടാം വർഷവും ഹസനാരെത്തി. മണലിത്തറ ദേശത്തിലെ മലാക്ക വിഭാഗത്തിനൊപ്പമാണു കുംഭക്കുടവുമായി ഹസനാർ തിരുവാണിക്കാവിലമ്മയെ വണങ്ങാൻ എത്തിയത്.
പതിനൊന്നാം വയസിൽ വീട്ടുകാർ നേർന്ന വഴിപാടായാണു ഹസനാർ ആദ്യമായി കുംഭക്കുടം എടുത്തത്. മാമാങ്കം കഴിഞ്ഞതിനു ശേഷം ഉണ്ടായ വലിയൊരു അപകടത്തിൽ നിന്ന് തന്റെ ജീവൻ തിരിച്ചു കിട്ടിയത് മച്ചാട്ടമ്മയുടെ അനുഗ്രഹം കൊണ്ടാണെന്ന വിശ്വാസമാണ് എല്ലാ വർഷവും കുംഭക്കുടം ചുമക്കാന്‍ ഹസനാരെ എത്തിക്കുന്നത്.
മാമാങ്കത്തിന്റെ പറ പുറപ്പാടു ദിവസം രാവിലെ തിരുവാണിക്കാവ് ക്ഷേത്രത്തിൽ എത്തി പ്രാർഥിച്ച് രുദ്രാക്ഷ മാല കഴുത്തിൽ അണിയും. അന്നുമുതൽ കുംഭക്കുടം എടുക്കുന്നതിനുള്ള വ്രതമാണ്.
മാമാങ്ക ദിവസം ഉച്ചയ്ക്ക് 12ന് മണലിത്തറ ദേശത്തിന്റെ കുതിര എഴുന്നള്ളിപ്പ് മണലിത്തറ അയ്യപ്പൻകാവിൽ നിന്നു പുറപ്പെടുമ്പോൾ ദേശക്കുതിരകൾക്കും ദേശക്കാർക്കുമൊപ്പം കുംഭക്കുടം എഴുന്നള്ളിപ്പും ഉണ്ടാകും. നാഗസ്വരം, തകിൽ വാദ്യങ്ങളുടെ അകമ്പടിയോടെ നൃത്തച്ചുവടുമായി കുംഭക്കുടം എഴുന്നള്ളിപ്പ് മച്ചാട് മാമാങ്കത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നാണ്.
വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് സൂപ്പർവൈസറാണ് ഹസനാരിന് ഭാര്യ സൈനമോള്‍, മക്കളായ തൻസീഹ്, തൗഫീഖ്, തൊയ്ബ് എന്നിവരും പിന്തുണയും സഹായവുമായി കൂടെയുണ്ട്.