ഇടുക്കി വെള്ളത്തൂവലില്‍ ഭീതി പരത്തി അജ്ഞാത മൃഗത്തിന്റെ ആക്രമണം. വെള്ളത്തൂവല്‍ കുത്തുപാറയില്‍ മേയാന്‍ കെട്ടിയിരുന്ന ആടുകളെയാണ് അജ്ഞാത മൃഗം കൊന്നു ഭക്ഷിച്ചത്. പുലിയാണോ എന്ന് ആശങ്കയിലാണ് നാട്ടുകാര്‍. മേഖലയില്‍ വനംവകുപ്പ് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങി.
കാട്ടാനയും കാട്ടുപോത്തും പുലിയും അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് വെള്ളത്തൂവല്‍ പഞ്ചായത്തിലെ കുത്തുപാറ പള്ളിക്ക് സമീപം അജ്ഞാത മൃഗത്തിന്റെ ആക്രമണം ഉണ്ടായത്.
മേയുന്നതിനായി കെട്ടിയിരുന്ന രണ്ട് ആളുകളെയാണ് അജ്ഞാത മൃഗം കൊന്ന് ഭക്ഷിച്ചത്. പ്രദേശവാസിയായ ഷിന്റോ ചിറ്റലപ്പള്ളിയുടെ രണ്ടാടുകളെയാണ് നഷ്ടമായത്. കെട്ടിയിട്ടിരുന്ന ആടുകളെ കൊന്ന് അവിടെത്തന്നെ വെച്ച് ഭക്ഷിക്കുകയായിരുന്നു.
വിവരമറിഞ്ഞതിനെ തുടര്‍ന്ന് മനുഷ്യജീവി സംഘര്‍ഷ ലഘൂകരണ കോഡിനേഷന്‍ കമ്മിറ്റിയംഗം കെ ബുള്‍ബേന്ദ്രന്‍ സ്ഥലത്തെത്തുകയും പിന്നീട് വനം വകുപ്പുദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു.
രണ്ടാംമൈല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമിച്ച മൃഗത്തെ സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിക്കാത്തതിനാല്‍ മേഖലയില്‍ ക്യാമറ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചു. അതേസമയം വളര്‍ത്തല്‍ മൃഗങ്ങളെ കൊന്നു ഭക്ഷിച്ചത് പുലിയാണോ എന്ന് ആശങ്കയിലാണ് പ്രദേശവാസികള്‍.