തൃശ്ശൂരില്‍ മത്സ്യ ബന്ധനത്തിന് പോയി കടലില്‍ കുടുങ്ങിയ ബോട്ടും 5 തൊഴിലാളികളേയും കരയ്ക്കെത്തിച്ചു. മുനക്കക്കടവിൽ നിന്നും മത്സ്യബന്ധനത്തിന് പോയ 'സമ്പത്ത് ' എന്ന ബോട്ടാണ് കടലില്‍ കുടുങ്ങിയത്.
തൊട്ടാപ്പ് ലൈറ്റൗസിനു പടിഞ്ഞാറ് നിന്നും നാല് നോട്ടിക്കല്‍ മൈല്‍ അകലെ കടലിൽ വെച്ചാണ് സംഭവം. മത്സ്യബന്ധനത്തിനിടെ പ്രൊപ്പല്ലറിൽ വലചുറ്റി ബോട്ട് കടലില്‍ കുടുങ്ങുകയായിരുന്നു.
ബോട്ടിലുണ്ടായിരുന്നവര്‍ അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് വിളിച്ച് സഹായഭ്യർത്ഥന നടത്തി. ഇതോടെ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ എം.എഫ് പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് നിർദ്ദേശം നല്‍കുകയായിരുന്നു.
ഉടന്‍ ഫിഷറീസ് റെസ്ക്യൂ ബോട്ട് കടലിലേക്ക് തിരിച്ചു.തുടര്‍ന്ന് കുടുങ്ങിയ ബോട്ട് റസ്‌ക്യു ബോട്ടില്‍ കെട്ടിവലിച്ച് 5 മത്സ്യതൊഴിലാളികളെയും മുനക്കക്കടവ് ഹാർബറിലെത്തിക്കുകയായിരുന്നു.
കടലിൽ അപകടം നടക്കുകയോ എൻജിൻ തകരാറിലായി അകപ്പെടുകയോ ചെയ്താൽ രക്ഷാപ്രവർത്തനത്തിനാണ് ഫിഷറീസ് & മറൈനിന്റെ കീഴിൽ റസ്‌ക്യു ബോട്ട് സൗജന്യ സേവനം നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.