പൊങ്കാലാ മഹോത്സവത്തിനൊരുങ്ങി ആറ്റുകാൽ ദേവീക്ഷേത്രം. ഈ മാസം 25നാണ് പ്രശസ്തമായ ആറ്റുകാൽ പൊങ്കാല. 17 മുതൽ ക്ഷേത്ര മഹോത്സവം ആരംഭിച്ചു. ഉത്സവത്തോടനുബന്ധിച്ച് 3,000 ത്തോളം പോലീസുകാരാണ് നഗരത്തിൽ സുരക്ഷ ഉറപ്പാക്കുക
ആറ്റുകാൽ ദേവിക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇതിനോടകം തന്നെ നിരവധി ഭക്തരാണ് അമ്മയെ കണ്ട് ദർശനം നടത്തുന്നതിനായി ക്ഷേത്രാങ്കണത്തിൽ എത്തുന്നത്.
ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല 25 നാണ്. അന്ന് തന്നെ ദേവിയുടെ പുറത്തെഴുന്നള്ളത്തും തുടർന്ന് നടക്കുന്ന കുരുതിതർപ്പണത്തോടുകൂടി ഈ വർഷത്തെ പൊങ്കാല മഹോത്സവം സമാപിക്കും.
ഉത്സവത്തോട് അനുബന്ധിച്ചുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ 3,000 ത്തോളം പോലീസുകാരെയാണ് വിന്യസിക്കുക. ക്രമസമാധാനം, ഗതാഗത നിയന്ത്രണം, ഭക്തജനങ്ങളുടെ ദർശനം എന്നിവയ്ക്കായി രണ്ട് ഘട്ട സുരക്ഷാ സംവിധാനവും പോലീസ് ഒരുക്കും.കൂടാതെ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
പൊങ്കാല മഹോത്സവത്തിന്റെ സുഗമായ നടത്തിപ്പിന് വേണ്ടി തിരുവനന്തപുരം മേയർ, കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് മേധാവികളും ജനപ്രതിനിധികളും നഗരസഭ കൗൺസിലർമാരും സർക്കാരിന്റെ റെയിൽവേ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ മേധാവികളും മാധ്യമപ്രവർത്തകരും ചേർന്ന് അവലോകനയോഗങ്ങൾ നടത്തി. പൊങ്കാലക്കെത്തുന്ന ഭക്തർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്.