കണ്ണൂർ പരിയാരം ഏമ്പേറ്റിൽ അടിപ്പാതയോ മേൽപാലമോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് എമ്പേറ്റ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പുശേഖരണവും ധർണയും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എ.ഡി. സാബുസ് ഉദ്ഘാടനം ചെയ്തു.
മുടിക്കാനം, കുണ്ടപ്പാറ , കാരകുണ്ട്, എര്യം, തിമിരി തുടങ്ങിയ പ്രദേശത്ത് നിന്നും പഴയങ്ങാടി,അതിയടം കൊട്ടില തുടങ്ങിയ പ്രദേശങ്ങളിലേക്കും തിരിച്ചും എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കിയാണ് ദേശീയപാത പ്രവർത്തി പൂർത്തിയാകുന്നത്.
ജനങ്ങൾക്ക് ഉപകാരപ്രദമായ എമ്പേറ്റ് മുടിക്കാനം-എരിപുരം റോഡുകളിലേക്ക് നാഷണൽ ഹൈവേയിൽ നിന്നും പ്രവേശനം നിഷേധിക്കുന്നതിന് പകരമായി അടിപ്പാതയോ മേൽപാലമോ അനുവദിച്ചില്ലെങ്കിൽ രണ്ട് പ്രദേശങ്ങളിലെയും ആയിരത്തിലധികം കുടുംബങ്ങളാണ് ബുദ്ധിമുട്ടിലാകുക.
ദേശീയപാത നിർമ്മാണത്തോടെ പരസ്പരം ബന്ധപ്പെടാൻ ജനങ്ങൾ കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ട അവസ്ഥയാണ് നിലവിലുണ്ടാവുന്നത്. രണ്ട് പ്രദേശങ്ങളിലും ഉള്ള ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിന് സൗകര്യപ്രദമായ അടിപ്പാതയോ മേൽപ്പാലമോ നിർമ്മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എമ്പേറ്റ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പുശേഖരണവും ധർണ്ണാസമരവും സംഘടിപ്പിച്ചത്.
ഡിസിസി ജനറൽ സെക്രട്ടറി എ.ഡി. സാബുസ് ഉദ്ഘാടനം ചെയ്തു .ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് പി വി ഗോപാലൻ അധ്യക്ഷത വഹിച്ചു പി വി അബ്ദുൽ ഷുക്കൂർ, പി വി സജീവൻ ,ഇ. വിജയൻ,ഐ വി കുഞ്ഞിരാമൻ ,ടി ചന്ദ്രശേഖരൻ, കെ.എം.രവിന്ദ്രൻ,വി വി മണികണ്ഠൻ , ഡി രാഗിണി എന്നിവർ സംസാരിച്ചു.