കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവ് ചാടിയ മയക്കുമരുന്ന് കേസിലെ പ്രതി ഹർഷാദിനെ പോലീസ് പിടികൂടി.മധുരയിലെ ഒളിത്താവളത്തിൽ എത്തിയാണ് കണ്ണൂർ ടൌൺ പോലീസ് ഹർഷാദിനെ പിടികൂടിയത്.ഒളിതാവളം ഒരുക്കിയ മധുര സ്വദേശിനി അപ്സരയെയും പോലീസ് കസ്റ്റഡിയിലെടുത്ത് .
ജനുവരി പതിനാലാം തീയതി രാവിലെ 6. 45 നായിരുന്നു മയക്കുമരുന്ന് കേസിൽ പത്തുവർഷത്തെ കഠിന തടവിന് ശിക്ഷിച്ച പ്രതി ഹർഷാദ് ജയിൽ ചാടിയത്. ജയിൽ ചാടി ഒരു മാസം കഴിഞ്ഞിട്ടും ഹർഷാദിനെ കണ്ടെത്താൻ സാധിക്കാത്തത് പോലീസിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.ഹർഷാദ് മധുരയിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞ അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.ഹർഷാദിന് ഒളിതാവളം ഒരുക്കിയ മധുര സ്വദേശിനി അപ്സരയെയും പോലീസ് കസ്റ്റഡിയിലെടുത്തു.കണ്ണൂർ എസിപി കെ വി വേണുഗോപാലാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്.
അന്വേഷണത്തിന്റെ തുടക്കത്തിൽ ഹർഷാദ് ബെംഗളൂരുവിൽ എത്തിയതായി കണ്ടെത്തിയ അന്വേഷണ സംഘം ബാംഗ്ളൂരു കേന്ദ്രികരിച്ചു നടത്തിയ പരിശോധനയിൽ പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്ക് കണ്ടെത്തിയിരുന്നു. ഹർഷാദിനായി ബൈക്ക് എത്തിച്ചു നൽകിയ അടുത്ത ബന്ധു കൂടിയായ റിസ്വാൻ കോടതിയിൽ ഹാജരായതോടെയാണ് ഹർഷാദിന്റെ ഒളിതാവളവുമായി ബന്ധപ്പെട്ട് വ്യക്തതകൾ ലഭിച്ചത്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.