തൃശൂർ വേളക്കോട് കിണറ്റിൽ നിന്നും പിടികൂടിയത് ഒന്നും രണ്ടുമല്ല. 6 മൂർഖൻ പാമ്പുകളെയാണ്. വേളക്കാട് സ്വദേശി ചന്ദ്രന്റെ വീട്ടുകിണറ്റില്‍ നിന്നാണ് പാമ്പുകളെ പിടികൂടിയത്..
രാവിലെ വെള്ളം കോരാൻ എത്തിയപ്പോൾ ആണ് വലിയൊരു മൂർഖൻ കിണറ്റിൽ വീണു കിടക്കുന്നത് കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ സർപ്പ വളണ്ടിയേഴ്‌സ് അംഗങ്ങളായ ശ്രീക്കുട്ടൻ പേരാമംഗലം , അജീഷ് പെരിങ്ങാവ്, ലിജോ കാച്ചേരി, എന്നിവർ ചേർന്ന് കിണറ്റിൽ വീണ മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമം തുടങ്ങി.
ഇതിനിടെ മറ്റൊരു പാമ്പിനെ കൂടി കണ്ടു. പിന്നാലെ കിണറ്റിൽ തന്നെ ഉള്ള മാളത്തിലേക്ക് ഒരു പാമ്പ് കൂടി കയറി പോവുകയും ചെയ്തു. കിണറ്റിലെ പൊത്തിൽ നിന്നും ഈ പാമ്പിനെ പിടികൂടി കഴിഞ്ഞപ്പോൾ ആണ് മറ്റൊരു പാമ്പിനെ കൂടി കണ്ടത്. അങ്ങിനെ എല്ലാറ്റിനേയും പിടികൂടി കഴിഞ്ഞപ്പോള്‍ മൊത്തം പിടികൂടിയ പാമ്പുകളുടെ എണ്ണം 6 ആയി.
3മണിക്കൂർ നേരത്തെ ശ്രെമഫലം കൊണ്ടാണ് ആറ് പാമ്പുകളേയും പിടികൂടിയത് സാധാരണ കിണറ്റിൽ പാമ്പുകളെ പിടികൂടുന്നത് പതിവ് ആണെങ്കിലും ഇത്ര അധികം പാമ്പുകളെ ഒരുമിച്ച് കിട്ടിയ സംഭവം ഉണ്ടായിട്ടില്ലെന്ന് വനം വകുപ്പ് പറയുന്നു. എല്ലാ പാമ്പുകള്‍ക്കും ഏകദേശം എട്ടു വയസ്സിനു മുകളിൽ പ്രായം വരും. കിണറ്റിൽ ഇനി പാമ്പുകൾ ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വളണ്ടിയേഴ്സ് മടങ്ങിയത്.