കേബിൾ ടിവി ചാനലുകളെ പരിമിതപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കം കുത്തക സംസ്കാരവും രാഷ്ട്രീയവും ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ജോൺ ബ്രിട്ടാസ് എം.പി. ചെറുകിട കേബിൾ ടി.വി.സംരംഭങ്ങളെ തകർക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.ഒ.എ എന്ന ജനകീയ സംരംഭകത്വ കൂട്ടായ്മ ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചെറുകിട കേബിൾ ടിവി ഓപ്പറേറ്റർമാരെ പ്രതിസന്ധിയിലാക്കുന്ന പരിഷ്കാരങ്ങളും നിബന്ധനകളുമാണ് കഴിഞ്ഞ കുറെ കാലമായി കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം കൊണ്ടുവരുന്നതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.
നാടിന്റെയും ജനങ്ങളുടെയും വ്യവഹാരവുമായി ബന്ധപ്പെട്ട വിഷയമാണിത്. കേബിൾ ചാനലുകളെ പരിമിതപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം പ്രാദേശിക സംസ്കാരത്തെയാണ് ഇല്ലാതാക്കുന്നത്. ജിയോ, ഹാത് വേ, ഡെൻ എന്നിവയെ പോലുള്ള വൻകിട കുത്തകകളെ സഹായിക്കാനാണ് ഈ നിലപാട്. ജനകീയ താൽപര്യം സംരക്ഷിക്കാൻ കേന്ദ്രസർക്കാരിന്റെ ഈ നീക്കം എതിർക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
വൻകിട കമ്പനികൾക്ക് ആധിപത്യം സ്ഥാപിക്കാൻ കഴിയുന്ന രീതിയിൽ നമ്മുടെ മണ്ണിനെ പരുവപ്പെടുത്തുകയാണ് കേന്ദ്രസർക്കാർ. നമുക്ക് അന്യമായ സംസ്കാരങ്ങൾ നമുക്ക് മുകളിൽ അടിച്ചേൽപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഡ്കോ പ്രസിഡന്റും സി.ഒ.എ എക്സിക്യൂട്ടീവ് അംഗവുമായ കെ.വിജയകൃഷ്ണൻ, കെ.സി.സി.എൽ സി.ഒ.ഒ. എൻ.പത്മകുമാർ എന്നിവർ ജോൺ ബ്രിട്ടാസ് എം.പിയെ സന്ദർശിച്ച് കേബിൾ, ബ്രോഡ്ബാൻഡ് ചെറുകിട സംരംഭകരുടെ വെല്ലുവിളികൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ആവശ്യമായ സഹായം അഭ്യർത്ഥിച്ചു. ഈ വിഷയം പാർലമെന്റിൽ നേരത്തെ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ജോൺ ബ്രിട്ടാസും അറിയിച്ചു.