പത്തനംതിട്ട ഇലന്തൂര്‍ വലിയ പടയണിക്ക് സമാപനം. കുംഭ ഭരണി നാളില്‍ ആരംഭിച്ച പണയണി എട്ടാം നാളിലാണ് പൂര്‍ണ്ണതയിലെത്തിയത്.
പടയണിക്കളത്തിലേക്ക് ആദ്യമെത്തിയത് വെളിച്ചപ്പാടാണ്. തുടര്‍ന്ന് എല്ലാ കോലങ്ങളും ഒന്നിച്ച് ചുവടുവയ്ക്കുന്ന നിരത്തി തുള്ളല്‍. അതിനുശേഷം കാര്‍ഷിക മഹോത്സവത്തിന്റെ സ്മരണകളുമായി പുലവൃത്തം കളത്തിലെത്തി.
ആയോധന അഭ്യാസത്തിന്റെ ചടുലമായ ചുവടുകളുമായി താവടി തുള്ളി ശിവകോലം കളത്തിലെത്തിയതോടെ പാളക്കോലങ്ങളുടെ വരവായി. അമ്മൂമ്മ, പരദേശി, കാക്കാരിശി രൂപങ്ങള്‍ ഇടക്കിടെ കളത്തിലെത്തി.
ഒടുവില്‍ സര്‍വ ദോഷങ്ങളും തീര്‍ത്ത് പൂപ്പട തുള്ളി. തുടര്‍ന്ന് ചൂട്ടുവച്ച്, വിളിച്ചിറക്കിയ ഭഗവതിയെ വഞ്ചിപ്പാട്ടിന്റെയും ആര്‍പ്പുവിളിയുടെയും അകമ്പടിയോടെ ശ്രീകോവിലിലേക്ക് ആനയിച്ചതോടെ ഈ വര്‍ഷത്തെ പടയണിക്ക് സമാപനമായി.