കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ അഭിമാനയാത്രയില്‍ മറ്റൊരു നാഴിക കല്ലുകൂടി. ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരന്‍ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ ഷിപ്‌യാര്‍ഡാണ് ഈ സ്വപ്‌ന ദൗത്യം പൂര്‍ണമായും തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചത്.
ഭാവി ഇന്ധന സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ നിര്‍ണായക ചുവടുവയ്പ്പാണ് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ കാറ്റമരന്‍ ഫെറി. 2070 ഓടെ ഇന്ത്യയില്‍ വാതകങ്ങള്‍ മൂലമുള്ള മലിനീകരണം ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണിത് നിര്‍മിച്ചത്. തൂത്തുകുടിയില്‍ നിന്ന് വെര്‍ച്വല്‍ ആയി പ്രധാനമന്ത്രി അഭിമാന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
നാഷനല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍ വിഭാവനം ചെയ്യുന്നതു പോലെ ഹൈഡ്രജനെ ഒരു മാരിടൈം ഇന്ധനമായി ഉപയോഗിക്കുന്നതിന് ഈ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തല്‍. സമുദ്രഗതാഗത രംഗത്ത് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ അതിവേഗം പ്രായോഗികമാക്കിയതിലൂടെ ലോകത്തിന്് തന്നെ ഇന്ത്യ പുതിയ മാതൃക സമ്മാനിച്ചിരിക്കുകയാണ്.