തൃശ്ശൂര്‍ അതിരപ്പിള്ളി പഞ്ചായത്തിലെ സ്കൂളുകളിൽ കുട്ടി ഡോക്ടർമാർ വരുന്നു. വിദ്യാർത്ഥികൾക്ക് മികച്ച ആരോഗ്യ മാനസിക സാമൂഹിക വിദ്യാഭ്യാസം നൽകുക,സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെയാണ് കുട്ടി ഡോക്ടർമാരുടെ പ്രവർത്തനം.
വിദ്യാർത്ഥികളെ അനാചാരങ്ങളിൽ നിന്നും ലഹരി വസ്തുകളിൽ നിന്നും അകറ്റി സ്കൂളുകളിൽ തന്നെ ആരോഗ്യവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
അതിരപ്പിള്ളി പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും ഹെൽത്ത് ക്ലബ്ബുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അവധിക്കാലത്ത് ആദിവാസി ഊരുകളിലും പദ്ധതി തുടരും. ഓരോ ക്ലാസ്സിലെയും തിരഞ്ഞെടുത്ത കുട്ടികൾക്ക് ഇതിനായി പരിശീലനവും ക്ലാസ്സുകളും നൽകും.അതിരപ്പിള്ളി പഞ്ചായത്ത്,വെറ്റിലപ്പാറ കുടുംബരോഗ്യകേന്ദ്രം - വിദ്യാഭ്യാസ സ്ഥാപനങ്ങൾ,വിവിധ വകുപ്പുകൾ, തുടങ്ങിയവ ചേർന്നാണ് പരിപാടി നടപ്പിലാക്കുന്നത്.
പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനുള്ള ജില്ലയിലെ തന്നെ ആദ്യത്തെ പരിപാടിയാണിത്. വെറ്റിലപ്പാറ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജൻ പദ്ധതി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ അധ്യക്ഷയായി. ജില്ല മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി ലോഗോ പ്രകാശനം ചെയ്തു.