ആലപ്പുഴ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് അഡ്മിഷന്‍ ബുക്കിന് കൂടുതല്‍ പണം ഈടാക്കാനുള്ള വിവാദ ഉത്തരവ് മെഡിക്കല്‍ കോളേജ് പിന്‍വലിച്ചു.സൗജന്യ നിരക്കായ പത്ത് രൂപ തന്നെ നല്‍കിയാല്‍ മതിയെന്ന് അധികൃതര്‍.പുതിയ സര്‍ക്കുലര്‍ നാളെ പുറത്തിറക്കും.
സർക്കാർ പ്രസ്സിൽ നിന്നും അഡ്മിഷൻ ബുക്ക് അച്ചടിച്ച് നൽകുന്നത് നിർത്തിയതോടെയാണ് കഴിഞ്ഞ ദിവസം ആശുപത്രി വികസന സൊസൈറ്റി നേരിട്ട് ബുക്ക് അച്ചടിക്കാൻ തീരുമാനിച്ചത് .ഇന്നു മുതൽ രോഗികളിൽ നിന്ന് 30 രൂപ ഈടാക്കി ബുക്ക് വിതരണം ചെയ്യാനായിരുന്നു തീരുമാനം.
ആശുപത്രി സൂപ്രണ്ട് ഇത് സംബന്ധിച്ച സർക്കുലറും പുറത്തിറക്കി. സർക്കുലർ പുറത്തായതിന് പിന്നാലെ രോഗികൾ അടക്കം പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നാണ് തീരുമാനം പിൻവലിക്കാൻ ആശുപത്രി അധികൃതർ നിർബന്ധിതരായത്.
ഇതോടെ രോഗികൾ സൗജന്യ നിരക്കായ പത്ത് രൂപ തന്നെ നല്‍കിയാല്‍ മതി.പുതിയ സര്‍ക്കുലര്‍ നാളെ പുറത്തിറക്കാനാണ് തീരുമാനം. സാധാരണക്കാരായ രോഗികൾക്ക് ഇരുട്ടടിയായ തീരുമാനമായിരുന്നു ആശുപത്രി അധികൃതരുടേത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ ആശുപത്രി അധികൃതർ തീരുമാനത്തിൽ നിന്നും പിൻ വാങ്ങുകയായിരുന്നു.