കനത്ത ചൂടില്‍ ദാഹജലത്തിനായി വലയുകയാണ് മനുഷ്യനും മറ്റ് ജീവജാലങ്ങളും. കൊടും ചൂടില്‍ ദുരിതത്തിലായതോടെ പത്തനംതിട്ട തേങ്ങാപ്പാറയിലെ ജനങ്ങള്‍ കാത്തിരിക്കുകയാണ് കുടിവെള്ളത്തിനായി.
നഗരഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് പത്തനംതിട്ട ചുരുളിക്കോട് തേങ്ങാപ്പാറ. വളരെ ഉയര്‍ന്ന പ്രദേശമായ ഇവിടം രൂക്ഷമായ കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. കിട്ടുന്ന വരുമാനത്തില്‍ നല്ലൊരുപങ്കും കുടിവെള്ളം വിലയ്ക്ക് വാങ്ങാന്‍ വിധിക്കപ്പെട്ടവരാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
നഗരസഭ ടാങ്കര്‍ലോറിയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ തുടങ്ങിയത് ആശ്വാസമാണെങ്കിലും മറ്റ് വീട്ടാവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുകയാണ്. നിരവധി കുടുംബങ്ങള്‍ ഉള്ള ഇവിടെ ഒരു ചെറിയ നീരുറവയെയാണ് അവശേഷിക്കുന്നത്.
റോഡരികിലെ വീടിന്റെ മുമ്പിലെ പാത്രങ്ങളുടെ നീണ്ടനിര കണ്ടാലറിയാം ഈ ജനതയുടെ ദുരിതം. വലിയ ബാറല്‍ മുതല്‍ ചെറിയ ഡെപ്പകള്‍ വരെ ഒഴിഞ്ഞിരിക്കുകയാണ്. നാവ് നനയ്ക്കാന്‍ ഒരു തുള്ളി പോലും ഇല്ലാതെ.
ഭൂഗര്‍ഭജലത്തെ കൈയ്യെത്തിപ്പിടിക്കാനുള്ള ശ്രമത്തില്‍ കിണറും കുഴല്‍ക്കിണറും പരാജയപ്പെട്ടതോടെ ജീവിതം കൈപ്പിടിയിലൊതുക്കാന്‍, ദുരിതക്കയത്തില്‍ നിന്നും ഒന്ന് കരകയറാന്‍ നെട്ടോട്ടത്തിലാണ് ഈ ജനങ്ങള്‍.... കാത്തിരിക്കുകയാണവര്‍ ഒഴുകിയെത്തുന്ന ജീവന്റെ തുള്ളിക്കായി.