പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്ക് പഠന വിലക്ക്. 31 വിദ്യാര്‍ഥികള്‍ക്കാണ് പഠന വിലക്ക് ഏര്‍പ്പെടുത്തിയത്. 19 വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും 12 വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കുമാണ് വിലക്ക്. ഇന്നലെ വൈകിട്ട് യൂണിവേഴ്സിറ്റി സെന്ററില്‍ ചേര്‍ന്ന റാഗിങ് വിരുദ്ധ കമ്മിറ്റിയുടേതാണ് തീരുമാനം.
സിദ്ധാര്‍ത്ഥന് നേരിടേണ്ടി വന്ന അതിക്രൂരമായ പീഢനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൂക്കോട് വെറ്റിനറി സര്‍വകലാശാല റാഗിങ് വിരുദ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഹോസ്റ്റല്‍ അന്തേവാസികളായ 98 വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊഴിയെടുത്താണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയത്.
31 വിദ്യാര്‍ത്ഥികളാണ് സമാനതകളില്ലാത്ത ക്രൂരതയ്ക്ക് പിന്നിലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. നഗ്നനാക്കി ഹോസ്റ്റല്‍ മുറ്റത്ത് പരസ്യവിചാരണയ്ക്കാണ് സിദ്ധാര്‍ത്ഥന്‍ വിധേയനായത്. ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളെ വരെ വിളിച്ചുണര്‍ത്തി അവരെ കൊണ്ടും സിദ്ധാര്‍ത്ഥനെ മര്‍ദിച്ചു.
ക്രൂരതയ്ക്കിരയാക്കിയ 31 പേര്‍ക്കെതിരെയും കടുത്ത നടപടിയാണ് ആന്റി റാഗിങ് കമ്മിറ്റി സ്വീകരിച്ചത്. 19 വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും 12 പേര്‍ക്ക് 1 വര്‍ഷത്തേക്കും പഠനവിലക്ക്. ഇന്ത്യയിലെവിടെയും അംഗീകൃത സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് പഠനം തുടരാന്‍ ആകില്ല.
19 പേരില്‍ പ്രതിപ്പട്ടികയിലുള്ള 18 പേരും സംഭവത്തില്‍ പങ്കുള്ള മറ്റൊരു വിദ്യാര്‍ത്ഥിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ശിക്ഷയുണ്ട്. അക്രമം നോക്കി നിന്ന മുഴുവന്‍ പേരെയും ഏഴ് ദിവസം കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഈ ദിവസങ്ങളില്‍ ഹോസ്റ്റലിലും പ്രവേശിക്കാന്‍ കഴിയില്ല.
ഫെബ്രുവരി 16,17,18 തീയതികളില്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ വിസിക്ക് അപ്പീല്‍ നല്‍കാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്. ആള്‍ക്കൂട്ട വിചാരണയും അത് ചോദ്യം ചെയ്യാന്‍ പോലും ആരും മുതിരാത്തതും നേരിട്ട കൊടിയ പീഡനങ്ങളുമാണ് സിദ്ധാര്‍ത്ഥിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.