സി.ഒ.എയുടെ പതിനാലാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. മാധ്യമ രംഗത്തെ കുത്തകവൽക്കരണത്തിനെതിരെ ശക്തമായ പോരാട്ടത്തിനുള്ള തീരുമാനം ഉൾപ്പെടെ കൈ കൊണ്ടാണ് ഇത്തവണത്തെ സമ്മേളനം സമാപിക്കുന്നത്. സി.ഒ.എ ഭാരവാഹി തെരഞ്ഞെടുപ്പും ഇന്ന് നടക്കും.
ഇന്നലെ രാവിലെ പ്രതിനിധി സമ്മേളന നഗരിയായ കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക ജൂബിലി ഹാളിന് മുൻപിൽ സി.ഒ.എ സംസ്ഥാന പ്രസിഡൻ്റ് അബൂബക്കർ സിദ്ദിഖ് പതാക ഉയർത്തിയതോടെ തുടങ്ങിയ പ്രതിനിധി സമ്മേളനം ഇന്നും തുടരുകയാണ്.
ഇന്നലെ നടന്ന ചർച്ചയുടെ തുടർച്ചയാണ് ഇന്ന് രാവിലെ 9.30 മുതൽ പുനരാരംഭിച്ചത്. ഉച്ചകഴിഞ്ഞ മൂന്നുമണിക്ക് ശേഷമാണ് പുതിയ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുക.
വെള്ളിയാഴ്ച രാത്രി പൊതുസമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്ത് പതാക ഉയർത്തിയതോടെയാണ് സി.ഒ.എയുടെ പതിനാലാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചത്. ശനിയാഴ്ച സംഘടനയുടെ കരുത്തറിയിച്ച സാംസ്കാരിക ഘോഷയാത്രയിൽ നഗരത്തിൽ നടന്നു.
കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനം എളമരം എംപിയാണ് ഉദ്ഘാടനം ചെയ്തത്. മാധ്യമ രംഗത്തെ കോർപ്പറേറ്റ് വൽക്കരണത്തിനെതിരായ ജനകീയ പോരാട്ടത്തിന്റെ തുടർച്ച ആസൂത്രണം ചെയ്താണ് പതിനാലാമത് സംസ്ഥാന സമ്മേളനം പടിയിറങ്ങുന്നത്.