Share this Article
ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീകൊളുത്തിയ യുവതി കൊല്ലപ്പെട്ടു
A young woman who was set on fire by her friend was killed in Chenkottukonam

 തിരുവനന്തപുരത്ത് സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ച നാല്പത്തിയാറുകാരി ചികിത്സയിലിരിക്കെ മരിച്ചു. ചേങ്കോട്ടുകോണം സ്വദേശിനി ജി സരിതയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. തീകൊളുത്തിയ പ്രതി ബിനു ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്.

ഗുരുതരമായി പൊള്ളലേറ്റ സരിതയെ ഇന്നലെ രാത്രി 9 മണിയോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. 60 ശതമാനത്തിലേറെ ഇവർക്ക് പൊള്ളലേറ്റിരുന്നു. ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.

സരിതയെ പെട്രോൾ ഒഴിച്ച് കത്തിച്ച സുഹൃത്ത് ബിനുവും 50 ശതമാനത്തിലെ പൊള്ളലേറ്റ് ഇതേ ആശുപത്രിയിൽ കഴിയുകയാണ്. ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് താമസിക്കുന്ന സരിതയുടെ വീട്ടിൽ രാത്രി എട്ടുമണിയോടെ എത്തിയ ബിനു വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു.

കന്നാസിൽ 5 ലിറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്. തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ പടരുകയായിരുന്നു. തുടർന്ന് ബിനു വീട്ടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടി. യുവതിയുടെ മകളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് സരിതയെ മെഡിക്കൽ കോളേജിലെത്തിച്ചത്.

അതേസമയം കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമനസേനാംഗങ്ങൾ കിണറ്റിലിറങ്ങിയാണ് ബിനുവിനെ രക്ഷിച്ചത്. ഇയാളുടെ സ്കൂട്ടറിൽ നിന്നും വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തിരുന്നു. സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories