കൊച്ചി മെട്രോ തൃപ്പൂണിത്തുറ ടെര്‍മിനല്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. രാവിലെ പത്തിന് കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി മെട്രോ ഫ്‌ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടനശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിന്‍ ആലുയിലേക്ക് പുറപ്പെടും.
ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റര്‍ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാകുന്നത്. ആകെ ചെലവ് 7377കോടിരൂപ. ഇന്ന് തൃപ്പൂണിത്തുറയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടതിന് ശേഷം പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസ് ആരംഭിക്കും.
ആലുവ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവില്‍ ആലുവയില്‍ നിന്ന് എസ്.എന്‍ ജംഗ്ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപതന്നെ തൃപ്പൂണിത്തുറയിലേക്ക് എത്തുമ്പോഴും നല്‍കിയാല്‍ മതി.
1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷന്‍ തൃപ്പൂണിത്തുറയില്‍ ഒരുങ്ങിയിരിക്കുന്നത്. കൊച്ചി മെട്രോ ഒന്നാം ഘട്ടം പൂര്‍ത്തീകരണം വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമെന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചു.
വാട്ടര്‍ മെട്രോയുടെ ഏരൂര്‍ ടെര്‍മിനല്‍, എസ് എന്‍ ജംഗ്ഷന്‍ -തൃപ്പൂണിത്തുറ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.